ശ്രീക്കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; സ്‌കൂള്‍ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചു; ഹോസ്റ്റല്‍ വാര്‍ഡന്‍ ഭീഷണിപ്പെടുത്തി; സമഗ്രാന്വേഷണം വേണമെന്ന് പിതാവ്

കോട്ടയം: തലയോലപ്പറമ്പ് ജെപിഎച്ച്എന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ശ്രീക്കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍. മരണത്തിനു കാരണം നഴ്‌സിംഗ് സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനമാണെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

അടുത്തിടെ സ്‌കൂള്‍ ഹോസ്റ്റലില്‍ നടന്ന ചില വിഷയങ്ങളെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ശ്രീക്കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തില്‍ ശ്രീക്കുട്ടി ഉള്‍പ്പെട്ടിരുന്നില്ല. കുറ്റക്കാര്‍ക്കെതിരെ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് മകള്‍ക്കുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് മരണത്തിലേക്ക് നയിച്ചത്. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.

ചില വിദ്യാര്‍ഥികളും ഹോസ്റ്റല്‍ വാര്‍ഡനും ശ്രീക്കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. അതേസമയം, ആരോപണങ്ങള്‍ കോളേജ് അധികൃതര്‍ നിഷേധിച്ചു. സംഭവത്തില്‍ തലയോലപ്പറമ്പ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

കഴിഞ്ഞദിവസമാണ് സ്‌കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായ ശ്രീക്കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ കുളിമുറിയില്‍ കയറിയ ശ്രീക്കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് സഹപാഠികള്‍ വാതില്‍ തള്ളി തുറക്കുകയായിരുന്നു. ബാത്ത് റൂമിലെ ഷവറില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശ്രീക്കുട്ടിയെ ഉടന്‍ തന്നെ വിദ്യാര്‍ഥികളും സ്‌കൂള്‍ അധികൃതരും വൈക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News