സ്വാശ്രയ കോളേജുകളിലെ ഫീസ് നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി; കെഎസ്‌യുകാരെ ഇറക്കി വിട്ട് ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമം

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ ഫീസ് നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫീസ് റഗുലേറ്ററി കമ്മിറ്റിയാണ് ഫീസ് നിശ്ചയിക്കുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

നീറ്റിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കോളേജുകളില്‍ പ്രവേശനം നടത്തുന്നത്. പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കെഎസ്‌യുകാരെ ഇറക്കി വിട്ട് ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കെഎസ്‌യു പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനു നേരെ കല്ലേറ് ഉണ്ടായപ്പോഴാണ് ലാത്തി വീശുകയും ജല പീരങ്കി പ്രയോഗിക്കുകയും ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടി, സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി. ഹൈബി ഈഡനാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.

പ്രവര്‍ത്തകരെ അതിക്രൂരമായാണ് പൊലീസ് മര്‍ദ്ദിച്ചതെന്ന് ഹൈബി ആരോപിച്ചു. ഒരു കാരണവും ഇല്ലാതെയാണ് പൊലീസ് പ്രവര്‍ത്തകരെ മര്‍ദിച്ചതെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയിട്ടില്ല. ഒരു മാസത്തെ അവധിയിലാണ് ഇപ്പോള്‍ ജേക്കബ് തോമസ്. ഒരു മാസത്തെ അവധികൂടി അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സഭാസമ്മേളനം സമാപിക്കുന്ന മെയ് 25നകം പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ റൂളിങ് നല്‍കി. ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ ഉത്തരം നല്‍കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ പരാതി ഗൗരവമുള്ളതാണെന്നും സ്പീക്കര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News