മുത്തലാഖ് നിരസിക്കാനുള്ള അവകാശം സ്ത്രീക്ക് നല്‍കുമോ? നിരീക്ഷണവുമായി സുപ്രീംകോടതി

ദില്ലി: മുത്തലാഖ് ചൊല്ലുന്നതിനെ നിരാകരിക്കാന്‍ സ്ത്രീയ്ക്ക് പ്രത്യേക അധികാരം വേണമെന്ന് സുപ്രീംകോടതി. ഇതിനവകാശം നല്‍കുമോയെന്നും ഭരണഘടനാ ബഞ്ച് മുസ്ലീം വ്യക്തി നിയമബോര്‍ഡിനോട് ചോദിച്ചു. എന്നാല്‍ മുത്തലാഖ് പാപമാണന്ന് പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു.

1400 വര്‍ഷമായുള്ള മുസ്ലീം സമുദായത്തിന്റെ ആചാരമാണ് മുത്തലാക്കെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ നിലപാട് എടുത്ത വ്യക്തി നിയമബോര്‍ഡ് ഇന്ന് മുത്തലാഖിനെ തള്ളിപറഞ്ഞു. മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലി മൊഴി പറയുന്ന മുത്തലാഖ് പാപമാണന്ന് പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് മുസ്ലീം വ്യക്തി നിയമബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. 2017 ഏപ്രില്‍ 17ന് പാസാക്കിയ പ്രമേയത്തിന്റെ പകര്‍പ്പും ഹാജരാക്കി. പ്രമേയം മതപണ്ഡിതര്‍മാര്‍ പോലും അനുസരിക്കില്ലെന്ന് കോടതിയുടെ മറ്റൊരു ചോദ്യത്തിന് ഉത്തരമായി ബോര്‍ഡ് സമ്മതിച്ചു.

അങ്ങനെയെങ്കില്‍ പാപമാകുന്ന ആചാരണത്തെ എന്തിന് പിന്തുടരുന്നുവെന്നായിരുന്നു സുപ്രീംകോടതിയുടെ മറുചോദ്യം. ഒറ്റയടിക്ക് മുത്തലാക്ക് ചൊല്ലുന്നതിരെ നിരാകരിക്കാന്‍ മുസ്ലീം സ്ത്രീയ്ക്ക് പ്രത്യേക അവകാശം നല്‍കാന്‍ കഴിയുമോയെന്ന് കോടതി ചോദിച്ചു. വിവാഹ കരാര്‍ സമയത്ത് മുത്തലാഖിന് താല്‍പര്യമില്ലെങ്കില്‍ അത് വ്യക്തമാക്കാനുള്ള അനുവാദം സ്ത്രീകള്‍ക്ക് ഉണ്ടാകണം.

സുപ്രീംകോടതി നിര്‍ദേശം വ്യക്തി നിയമബോര്‍ഡിലെ മറ്റ് അംഗങ്ങളോട് കൂടിയാലോചിച്ച ശേഷം മറുപടി നല്‍കാമെന്ന് അഭിഭാഷകന്‍ കപില്‍ സിമ്പല്‍ വ്യക്തമാക്കി. ബോര്‍ഡിന്റെ വാദം പൂര്‍ത്തിയായ ശേഷം വാദമാരംഭിച്ച ജമാഅത്ത് ഇസ്ലാമി ഹിന്ദ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ സര്‍ക്കാരിന് അധികാരമുണ്ടന്ന് പറഞ്ഞു. എന്നാല്‍ മതനിയമങ്ങളില്‍ ഇടപെടാതെ വേണം നടപടിയെടുക്കാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News