ബുന്ദല്‍ഖണ്ഡ്: വിവാഹവാഗ്ദാനം നല്‍കി പ്രണയിച്ച ശേഷം ചതിച്ചിട്ടുപോകുന്ന സംഭവങ്ങള്‍ നാട്ടില്‍ സുലഭമാണ്. പലപ്പോഴും എല്ലാം സഹിച്ച് അഴലിന്റെ ആഴങ്ങളില്‍ ഒതുങ്ങിക്കൂടുകയെന്നതാണ് മിക്കവാറുമെല്ലാവരും ചെയ്യുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ ബുന്ദല്‍ഖണ്ഡിലെ യുവതി തന്നെ പറ്റിച്ച ശേഷം മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവാവിനെ കല്യാണമണ്ഡപത്തില്‍ നിന്ന് കയ്യോടെ പിടികൂടി ശ്രദ്ധേയമായിരിക്കുകയാണ്.
വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് ആരോപിച്ച് വിവാഹവേദിയില്‍ നിന്ന് വരനെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് യുവതി കടത്തി കൊണ്ടുപോയത്. സിനിമാക്കഥയെ വെല്ലുന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ ഏവരും ആദ്യം സ്തംഭിച്ചുപോയി. ബുന്ദേല്‍ഖണ്ഡ് സ്വദേശിയായ അശോക് യാദവിനെയാണ് ഇരുപത്തിയഞ്ചുകാരിയായ യുവതി തട്ടിക്കൊണ്ടു പോയത്.
മാസങ്ങള്‍ക്കു മുമ്പാണ് അശോക് യാദവും യുവതിയും തമ്മില്‍ പരിചയത്തിലായത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. ഇതറിഞ്ഞ യാദവിന്റെ വീട്ടുകാര്‍ മകനെ മറ്റൊരു പെണ്‍കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യാദവും വിവാഹത്തിന് സമ്മതിച്ചു. കാര്യങ്ങള്‍ പെട്ടന്ന് നടത്തിതീര്‍ക്കാനായി ഇന്നലെ രാത്രി വൈകി വിവാഹം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍, യാദവിന്റെ വിവാഹ വാര്‍ത്ത അറിഞ്ഞെത്തിയ കാമുകി തോക്കുമായെത്തി യാദവിനെയും കൂട്ടികൊണ്ട് പോകുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ യാദവിനും കുടുംബത്തിനുമെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ അവസ്ഥ ലോകത്ത് മറ്റൊരു സ്ത്രീക്കും ഉണ്ടാകാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയാണ് പ്രതിശ്രുത വധു ഭാരതി യാദവ് പങ്കുവെച്ചത്.
Get real time update about this post categories directly on your device, subscribe now.