ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മാറോട് ചേര്‍ത്ത് മുഖ്യമന്ത്രി; സമൂഹം തിരുത്തലുകള്‍ക്ക് തയ്യാറാകണം; വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും പ്രായമായവര്‍ക്ക് പെന്‍ഷനും നല്‍കുമെന്ന് ഉറപ്പ്

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ സമൂഹത്തില്‍ നേരിടുന്ന അവഗണനയ്ക്ക് ഇന്നും കുറവുണ്ടായിട്ടില്ല. ജോലി നല്‍കാനും പരിഗണിക്കാനും പോലും ആരും തയ്യാറാകാതിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ഇവരെ മാറോട് ചേര്‍ത്ത് നിര്‍ത്തുകയാണ്. നേരത്തെ കൊച്ചി മെട്രോയില്‍ ഇവര്‍ക്ക് ജോലി നല്‍കിയ തീരുമാനം അന്താരാഷ്ട്രാ ശ്രദ്ധയും അഭിനന്ദനും നേടിയിരുന്നു.

ഇതിനു പിന്നാലെയാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഉന്നമനത്തിനായുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വേണ്ടി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാറിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ലിംഗനീതിയുടെ കാര്യത്തില്‍ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം കുറിച്ചു.

എല്ലാ മേഖലകളിലും ഇവരുടെ പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് സര്‍ക്കാറിന്റെ നിലപാടെന്നും പിണറായി ഉറപ്പിക്കുന്നു. ബജറ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് പെന്‍ഷന്‍, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, ആരോഗ്യസഹായം എന്നിവ നല്‍കുന്നതിനും മറ്റുമായി പത്തുകോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്. അറുപതുവയസ്സിന് മുകളിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പെന്‍ഷനും വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സര്‍്ക്കാര്‍ നല്‍കും.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ സമൂഹത്തില്‍ പലതരത്തിലുള്ള വിവേചനങ്ങള്‍ അനുഭവിക്കുന്നുണ്ട്. കേരളത്തെപ്പോലെ പുരോഗമനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തിന് ചേരുന്നതല്ല അത്തരം മുന്‍വിധികളെന്നും ഇത് തിരുത്താന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel