അടിപതറാതിരിക്കാന്‍ റയല്‍; സ്വപ്‌നപ്രതീക്ഷയില്‍ ബാഴ്‌സ; കിരീടവിജയിയെ തീരുമാനിക്കാന്‍ ലാലിഗയിലെ നിര്‍ണായക മത്സരത്തിന് മണിക്കൂറുകള്‍ മാത്രം

മാഡ്രിഡ്: കാല്‍പന്തുകളിയിലെ ഏറ്റവും ആവേശകരമായ ലാലിഗ കിരീടപോരാട്ടം ഫോട്ടോഫിനിഷിലേക്കെത്തിനില്‍ക്കുമ്പോള്‍ ആരാധകരുടെയെല്ലാം നെഞ്ചിടിപ്പ് വര്‍ദ്ധിക്കുകയാണ്. സ്വപ്‌നകിരീടം ഇക്കുറി ആര് നേടുമെന്ന ആശങ്കകള്‍ക്ക് ഒരു പക്ഷെ മണിക്കൂറുകള്‍ക്കകം ഉത്തരം കിട്ടിയേക്കാം. ലാലിഗയിലെ ഏറ്റവും നിര്‍ണായകമായ മത്സരത്തില്‍ ഇന്ന് രാത്രി 12.30 ന് റയല്‍ മാഡ്രിഡ് അട്ടിമറി വീരന്‍മാരായ സെല്‍റ്റാ വിഗോയെ നേരിടും.

പോയിന്റ് നിലയില്‍ ബാഴ്‌സയും റയലും ഒപ്പത്തിനൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയുടെ ബലത്തില്‍ ബാഴ്‌സയാണ് നിലവില്‍ ഒന്നാംസ്ഥാനത്ത്. പക്ഷെ ഒരു മത്സരം കുറച്ചാണ് കളിച്ചിട്ടുള്ളതെന്നത് റയലിന് ആനുകൂല്യം നല്‍കുന്നുണ്ട്. ആ പോരാട്ടത്തിനാണ് ഇന്ന് സെല്‍റ്റാവിഗോയുടെ മൈതാനത്ത് പന്തുരുളുക.

എവെ മത്സരമെന്നതിനെക്കാള്‍ ബെയിലടക്കമുള്ള മൂന്ന് താരങ്ങള്‍ കരയിലിരിക്കേണ്ടിവരുന്നതാണ് സിദാന്റെ സംഘം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ബെയിലും ഡാനി കാര്‍വാഞ്ചലും പരിക്കിന്റെ പിടിയിലായപ്പോള്‍ സീസണില്‍ അഞ്ച് മഞ്ഞകാര്‍ഡ് കണ്ടതിലൂടെ നാച്ചോയും പുറത്താകുകയായിരുന്നു. അട്ടിമറിക്ക് പേരുകേട്ട സെല്‍റ്റ വിഗോ പലവട്ടം റയലിനെ കരയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കയ്യെത്തും ദുരെയുള്ള കിരീടം നഷ്ടമാകാതിരിക്കണമെങ്കില്‍ റയലിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.

വലിയ മത്സരങ്ങളില്‍ ഗോള്‍ മഴ തീര്‍ക്കുന്ന ക്രിസ്റ്റിയാനോയുടെ ബുട്ടുകള്‍ ഇന്നും ചലിച്ചാല്‍ സ്വപ്‌നകിരീടത്തിലേക്ക് റയലിന് ആത്മവിശ്വാസത്തോടെ നടന്നടുക്കാം. ലോകമെമ്പാടുമുളള ബാഴ്‌സ ആരാധകര്‍ റയലിന്റെ പരാജയത്തിനായി കാത്ത് നില്‍ക്കുകയാണെന്നതും സിദാനും സംഘവും മറക്കാനിടയില്ല. ഞായറാഴ്ചയാണ് ലീഗിലെ അവസാന പോരാട്ടങ്ങള്‍. അവസാന റൗണ്ടിലും ആവേശം നിറഞ്ഞ് നില്‍ക്കുന്ന കിരീടപോരാട്ടം ലാലിഗയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുകയാണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News