മാഡ്രിഡ്: ലാലിഗയില്‍ നാലുവര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം സ്വന്തമാക്കുമെന്ന റയലിന്റെ വിളംബരമായിരുന്നു സെല്‍റ്റവിഗോയ്‌ക്കെതിരായ പോരാട്ടം. എവെ മത്സരത്തിന്റെ ആശങ്കകളും പ്രമുഖ താരങ്ങളും പരുക്കുയര്‍ത്തിയ ഭീഷണിയുമെല്ലാം ക്രിസ്റ്റ്യാനോയും സംഘവും കാറ്റില്‍ പറത്തി. ആവേശപോരാട്ടത്തില്‍ സെല്‍റ്റയെ അവരുടെ മൈതാനത്ത് ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ കിരീടനേട്ടത്തിലേക്ക് ഒരു പടി കൂടി അടുത്തത്.
എവെ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ ബൂട്ടുകള്‍ തന്നെയായിരുന്നു റയലിന് മിന്നും ജയം സമ്മാനിച്ചത്. ഇരട്ടഗോളുകളുമായി ലോകഫുട്‌ബോളര്‍ കളം നിറഞ്ഞപ്പോള്‍ എതിരാളികള്‍ക്ക് കാഴ്ചക്കാരാകേണ്ടിവന്നു. കളി തുടങ്ങി 10ാം മിനിട്ടില്‍ തന്നെ ക്രിസ്റ്റ്യാനോ വലകുലുക്കി. 48ാം മിനിട്ടിലും ക്രിസ്റ്റിയാനോ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചതോടെ സിദാനും സംഘവും വിജയം മണത്തു.
62ാം മിനിട്ടില്‍ ലാഗോ ആസ്പാസ് ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തായത് സെല്‍റ്റയുടെ പോരാട്ടത്തെ ബാധിച്ചു. 69ാം മിനിട്ടില്‍ ഗ്യൂഡെറ്റി സെല്‍റ്റയ്ക്കായി ഗോള്‍ നേടിയെങ്കിലും 70ാം മിനിട്ടില്‍ ബെന്‍സേമയും 88ാം മിനിട്ടില്‍ ക്രൂസും വലകുലുക്കിയതോടെ റയലിന്റെ വീരഗാഥ പൂര്‍ത്തിയായി.
ലീഗില്‍ ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെ ബാഴ്‌സയെ പിന്നിലാക്കി റയല്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. 37 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 90 പോയിന്റാണ് റയലിന്റെ സമ്പാദ്യം. ബാഴ്‌സയ്ക്കാകട്ടെ 87 പോയിന്റാണുള്ളത്. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ മലാഗയെ തകര്‍ത്താന്‍ റയലിന് കിരീടം സ്വന്തമാക്കാം. അതേസമയം റയല്‍ തോല്‍ക്കുകയും ബാഴ്‌സ ഐബറിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ കിരീടം വീണ്ടും ന്യൂകാമ്പിലെത്തും. ബാഴ്‌സയും റയലും പരാജയപ്പെട്ടാല്‍ കിരീടം നാല് വര്‍ഷങ്ങള്‍ക്ക് ശേഷം റയലിന് സ്വന്തമാകും
Get real time update about this post categories directly on your device, subscribe now.