ആശുപത്രികാര്യങ്ങള്‍ ശരിയാക്കാന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: ആശുപത്രികളിലെ പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി മിന്നല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. മന്ത്രി കെ കെ ശൈലജ നേരിട്ട് നടത്തിയ മിന്നല്‍ പരിശോധനയില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അലംഭാവങ്ങള്‍ വ്യക്തമായി. ഇതേ തുടര്‍ന്ന് ജീവനക്കാരെ താക്കീത് ചെയ്ത ആരോഗ്യമന്ത്രി ആശുപത്രി വൃത്തിയായി സൂക്ഷിക്കണമെന്നും താന്‍ വീണ്ടും വരുമെന്നും മുന്നറിയിപ്പ് നല്‍കിയാണ് മടങ്ങിയത്.

ഡോക്ടര്‍മാരും നഴ്‌സുമാരടക്കം എല്ലാ വിഭാഗം ജീവനക്കാരും ആശുപത്രിയിലെത്താന്‍ വളരെയേറെ വൈകുന്നുവെന്നതടക്കമുള്ള പരാതികളാണ് മന്ത്രിക്ക് ലഭിച്ചിരുന്നത്. രാവിലെ എട്ട് മണിക്ക് ആശുപത്രിയിലെത്തിയ മന്ത്രി എല്ലാ വാര്‍ഡുകളും മുറികളും സന്ദര്‍ശിച്ചു. രോഗികളുമായി നേരിട്ട് സംസാരിച്ചായിരുന്നു മന്ത്രിയുടെ പരിശോധന.

വാര്‍ഡുകളിലും മുറികളിലും രക്തം പുരണ്ട പഞ്ഞിയും മറ്റ് അവശിഷ്ടങ്ങളും നിലത്ത് വലിച്ചെറിഞ്ഞ നിലയില്‍ കാണപ്പെട്ടു. ഇതേ കുറിച്ച് ആശുപത്രി സൂപ്രണ്ടിനേയും ജീവനക്കാരേയും പരസ്യമായി ശാസിക്കാനും മന്ത്രി മടികാട്ടിയില്ല. ആശുപത്രിയുടെ ശുചീകരണ വിഭാഗം ജീവനക്കാരോട് നിരന്തരം ശുചിയാക്കണമെന്ന നിര്‍ദ്ദേശവും മന്ത്രി നല്‍കി.

ആശുപത്രി പരിസരത്ത് നടത്തിയ പരിശോധനയില്‍ ഒരു ഭാഗത്ത് മദ്യ കുപ്പികളും മന്ത്രിയും സംഘാംഗങ്ങളും കണ്ടെത്തി. രോഷാകുലയായ മന്ത്രി സുരക്ഷാ ജീവനക്കാരെയും ആശുപത്രി അധികൃതരെയും വിളിച്ച് ഉടനടി ആശുപത്രിയും പരിസരവും വൃത്തിയാക്കണമെന്ന് ഉത്തരവിട്ടു. 24 മണിക്കൂറിനകം ആശുപത്രിയിലും പരിസരവും പൂര്‍ണ്ണമായി ശുചീകരിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.

ഹാജര്‍ നില പരിശോധിച്ച മന്ത്രി ജീവനക്കാര്‍ വൈകി ജോലിക്ക് എത്തുന്നതിനെ കുറിച്ച് ആശുപത്രി സൂപ്രണ്ടിനോട് ചോദിച്ചു. രാവിലെ ഏഴ് മണിക്ക് ജോലിക്കെത്തേണ്ടവര്‍ വൈകി എത്തുന്നതിനെ കുറിച്ച് ചോദിച്ച ശേഷം എല്ലാവരും രാവിലെ കൃത്യസമയത്ത് ജോലിക്കെത്തുന്ന കാര്യം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു. ആശുപത്രിയിലെ പോരായ്മകള്‍ സംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe