മണിയുടെ മരണം: അന്വേഷണം സിബിഐ ഏറ്റെടുത്തു; അന്വേഷണസംഘം ചാലക്കുടിയിലെത്തി

തൃശൂര്‍: നടന്‍ കലാഭവന്‍ മരണത്തെക്കുറിച്ചുളള അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ചാലക്കുടി സിഐയുടെ പക്കല്‍നിന്നും മണിയുടെ മരണം സംബന്ധിച്ച അന്വേഷണ ഫയലുകള്‍ സംഘം കൈപ്പറ്റി.

സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തിലെ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐ ആസ്ഥാനത്തു നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് സിബിഐ കൊച്ചി യൂണിറ്റ് കേസ് ഏറ്റുക്കാനുള്ള നടപടി ആരംഭിച്ചത്. രാവാലെ കൊച്ചിയില്‍ നിന്നെത്തിയ സിബിഐ ഇന്‍സ്‌പെക്ടര്‍ ചാലക്കുടി പൊലീസുമായി കൂടിക്കാഴ്ച്ച നടത്തി. അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം കേസ് കൈകാര്യം ചെയ്തു വന്ന ചാലക്കുടി സിഐയില്‍ നിന്ന് ഫയലുകള്‍ ഏറ്റുവാങ്ങി.

കഴിഞ്ഞ മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മണിയുടെ ശരീരത്തില്‍ മീഥേല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. ആന്തരിക അവയവ പരിശോധനയില്‍ ക്ലോര്‍ പൈറിഫോസ് അടക്കമുള്ള രാസവസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്തി. എന്നാല്‍ ഇവയുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല. മണിയുടെ മരണകാരണം ആത്മഹത്യയോ കൊലപാതകമോ സ്വാഭാവിക മരണമോ എന്ന് തെളിയിക്കാനും പൊലീസിനായില്ല.

മണിയുടെ സഹായികളെയും സുഹൃത്തുക്കളെയും നുണപരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ അന്വേഷണം നിലച്ചിരുന്നു. ഇതോടെ കേസ് സിബിഐക്ക് വിടാന്‍ ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തു. കേസ് ഏറ്റെടുക്കാന്‍ ആദ്യ ഘട്ടത്തില്‍ തയ്യാറാകാതിരുന്ന സിബിഐ ഹൈക്കോടതി ഉത്തരവ് വന്നതോടെയാണ് ചാലക്കുടിയില്‍ എത്തി ഫയലുകള്‍ ഏറ്റുവാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News