കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ; ജാദവിനെ തൂക്കിക്കൊല്ലാന്‍ പാകിസ്ഥാന് അധികാരമില്ലെന്ന് രാജ്യാന്തര കോടതി; വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍

ഹേഗ്: ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്ഥാന്‍ തടവിലാക്കിയ ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തു. ജാദവിനെ തൂക്കിക്കൊല്ലാന്‍ പാകിസ്ഥാന് അധികാരമില്ലെന്ന് രാജ്യാന്തര കോടതി വ്യക്തമാക്കി. ഓഗസ്റ്റില്‍ അന്തിമ വിധി വരുംവരെ വധശിക്ഷ നടപ്പാക്കരുത്. കുല്‍ഭൂഷന്‍ ജീവനോടെ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ പാകിസ്ഥാന് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

കേസില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന പാകിസ്ഥാന്റെ വാദവും കോടതി തള്ളി. പാകിസ്ഥാന്‍ വിയന്ന കരാര്‍ ലംഘനം നടത്തിയെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു. കുല്‍ഭൂഷണ്‍ യാദവിന് നയതന്ത്ര, നിയമ സഹായം ലഭിക്കാന്‍ അര്‍ഹതയും അവകാശവുമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

രാജ്യാന്തര നീതിന്യായ കോടതി അധ്യക്ഷന്‍ ജഡ്ജ് റോണി എബ്രഹാമാണ് വിധി പ്രസ്താവിച്ചത്. 11 അംഗ ബെഞ്ചാണ് ഉത്തരവിട്ടത്.

അതേസമയം, രാജ്യാന്തര നീതി ന്യായ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നും ഇന്ത്യ യഥാര്‍ഥ മുഖം മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ പ്രതികരിച്ചു.

ഇന്ത്യ നല്‍കിയ ഹര്‍ജിയിന്മേല്‍ ഇരുരാജ്യങ്ങളുടെയും വാദം പൂര്‍ത്തിയായിരുന്നു. ജാദവിന്റേതെന്നു പറയപ്പെടുന്ന കുറ്റസമ്മത മൊഴിയുടെ വീഡിയോ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞതു പാക്കിസ്ഥാനു തിരിച്ചടിയായിരുന്നു. ഈ മാസം എട്ടിന് ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണിച്ചു വധശിക്ഷ നടപ്പാക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പാക്കിസ്ഥാനോടു രാജ്യാന്തര കോടതി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ നാവികസേനാ മുന്‍ ഓഫിസറായ കുല്‍ഭൂഷന്‍ ജാദവിനെ 2016 മാര്‍ച്ച് മൂന്നിനു ബലൂചിസ്ഥാനില്‍നിന്ന് അറസ്റ്റ് ചെയ്തുവെന്നാണു പാക്കിസ്ഥാന്‍ അറിയിച്ചത്. ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’യുടെ ഉദ്യോഗസ്ഥനാണു ജാദവെന്നായിരുന്നു ആരോപണം. എന്നാല്‍, 2003ല്‍ നാവികസേനയില്‍നിന്നു വിരമിച്ച ജാദവ് ഇറാനിലെ ചാഹ്ബഹാറില്‍ വ്യാപാരം ചെയ്തുവരികയായിരുന്നുവെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണെന്നുമാണ് ഇന്ത്യയുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here