സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് പ്രത്യേക സമിതി; മുഖ്യമന്ത്രി പിണറായിയുടെ ഉറപ്പ് മലയാള സിനിമയിലെ പുതിയ പെണ്‍ കൂട്ടായ്മയ്ക്ക്

തിരുവനന്തപുരം: സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയതായി രൂപീകരിച്ച വനിതാ സിനിമ താരങ്ങളുടെ സംഘടന പ്രതിനിധികള്‍ക്കാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ ഏതു തരക്കാരാണെന്നും അവരുടെ പൂര്‍വ ചരിത്രം എന്താണെന്നും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് പൊലീസ് സഹായം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ചലച്ചിത്ര മേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് താരങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. കൊച്ചിയില്‍ നടിക്ക് നേരെയുണ്ടായ അനുഭവം ആദ്യത്തേതല്ല. ഷൂട്ടിംഗ് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗിക പീഡന നിരോധനനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. സെറ്റുകളില്‍ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കണമെങ്കില്‍ സുരക്ഷിതത്വം ഉറപ്പുവരണം. പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പ്രോത്സാഹനമായി സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. പല സെറ്റുകളിലും സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ പോലും സൗകര്യമില്ലെന്ന് അവര്‍ പരാതിപ്പെട്ടു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ് എടുത്ത സത്വര നടപടികളില്‍ താരങ്ങള്‍ മതിപ്പ് പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.

വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ മഞ്ജു വാര്യര്‍ മുന്‍കൈ എടുത്താണ് പുതിയ സംഘടന പിറവിയെടുത്തത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് വനിതകള്‍ക്ക് മാത്രമായി ഒരു സംഘടന രൂപീകരിക്കുന്നത്. മഞ്ജു വാര്യര്‍, ബീനാ പോള്‍, വിധു വിന്‍സന്റ്, പാര്‍വതി, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സിനിമാ സംഘടനാ പിറന്നത്.

മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായാണ് സംഘടന. നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് ഇതിന്റെ ഭാഗമാകാം. ഫെഫ്കയിലോ, അമ്മയിലോ, മാക്ടയിലോ ഉള്ള വനിതാ അംഗങ്ങള്‍ക്കും ഈ സംഘടനയുടെ ഭാഗമാകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here