സി.കെ വിനീതിനെ ജോലിയിലെ നിന്ന് പിരിച്ചുവിട്ട നടപടി പുനപരിശോധിക്കണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍

തിരുവനന്തപുരം: ദേശീയ ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ ഏജീസ് ഓഫീസിലെ ജോലിയിലെ നിന്ന് പിരിച്ചുവിട്ട നടപടി പുനപരിശോധിക്കണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന് യുവജന കമ്മീഷന്‍ കത്തയച്ചു. ഏജീസ് ഓഫീസില്‍ ഉദ്യോഗസ്ഥനായ വിനീതിനെ മതിയായ ഹാജരില്ലെന്ന കാരണത്താലാണ് പിരിച്ചുവിട്ടത്.

2013 മേയില്‍ ആണ് സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ തിരുവനന്തപുരം ഏജീസ് ഓഫീസില്‍ ഓഡിറ്റര്‍ തസ്തികയില്‍ വിനീതിന് നിയമനം ലഭിച്ചത്. പ്രൊബേഷന്‍ കാലയളവില്‍ ഐ ലീഗില്‍ ബംഗളൂരുവിനും ദേശീയ ടീമിനും കളിക്കുകയായിരുന്ന വിനീതിന് നിശ്ചിതദിവസങ്ങളില്‍ ഓഫീസിലെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ പ്രൊബേഷന്‍ ഒരുവര്‍ഷത്തേക്കുകൂടി നീട്ടി. ഇതിനിടെ, സ്ഥിരനിയമനത്തിനുള്ള പരീക്ഷയും ജയിച്ചു. എന്നാല്‍, ഓഫീസിലെത്തി ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നു കാട്ടി ദില്ലിയിലെ സിഎജി ഓഫീസിലേക്ക് വിനീതിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി അയക്കുകയായിരുന്നു.

പിരിച്ചുവിടല്‍ നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. വിനീതിനെ ഹാജര്‍ കുറവ് എന്ന കാരണത്താല്‍ ജോലിയില്‍നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കായികമന്ത്രി എസി മൊയ്തീന്‍ കണ്‍ട്രോളര്‍ ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ശശികാന്ത് ശര്‍മയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍, ഉത്തരവ് പുറത്തുവന്നതോടെ പിരിച്ചുവിടല്‍ തീരുമാനവുമായി ഏജീസ് ഓഫീസ് മുന്നോട്ടുപോവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News