മിന്നലെ ഫിലിം ടിവി അവാര്‍ഡുകള്‍ വിതരണം ചെയ്തു; പീപ്പിള്‍ ടിവിയുടെ ക്രൈംബ്രാഞ്ചിനുള്ള പുരസ്‌കാരം ജോജറ്റ് ജോണ്‍ ഏറ്റുവാങ്ങി

കൊച്ചി: പതിനൊന്നാമത് മണപ്പുറം മിന്നലെ ഫിലിം ടിവി അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചി റമദ റിസോര്‍ട്‌സില്‍ നടന്ന ചടങ്ങില്‍ സിനിമ, ടെലിവിഷന്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

മികച്ച നടനുള്ള പുരസ്‌കാരം മണികണ്ഠന്‍ ആചാരിയും (കമ്മട്ടിപ്പാടം) മികച്ച നടിക്കുള്ള പുരസ്‌കാരം അനുശ്രീക്ക് വേണ്ടി നിര്‍മ്മാതാവ് ഉണ്ണി ശിവപാലും ഏറ്റുവാങ്ങി. അവാര്‍ഡിന് അര്‍ഹരായവര്‍: മികച്ച സംവിധായകന്‍: ദിലീഷ് പോത്തന്‍, പുതുമുഖ നടന്‍: ഷെയ്ന്‍ നിഗം (കിസ്മത്ത്), പുതുമുഖ നടി: ഹന്ന റെജി കോശി (ഡാര്‍വിന്റെ പരിണാമം), മികച്ച വില്ലന്‍: ജോണ്‍ കൈപ്പിള്ളില്‍ (ആന്‍മരിയ കലിപ്പിലാണ്), നവാഗത സംവിധായകന്‍: ജോണ്‍പോള്‍ ജോര്‍ജ് (ഗപ്പി). ടെലിവിഷന്‍ വിഭാഗത്തില്‍ മികച്ച അന്വേഷണാത്മക പരിപാടിക്ക് ലഭ്യമായ അവാര്‍ഡ് പീപ്പിള്‍ ടിവി ക്രൈംബ്രാഞ്ച് പ്രൊഡ്യൂസര്‍ ജോജറ്റ് ജോണ്‍ ഏറ്റുവാങ്ങി.

സിനിമ, ടെലിവിഷന്‍ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന പ്രതിഭകള്‍ക്കാണ് മണപ്പുറം മിന്നലെ ഫിലിം ടിവി അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പെഗാസസ് ചെയര്‍മാന്‍ അജിത് രവി അറിയിച്ചു.

മണപ്പുറം എം.ഡി, സി.ഇ.ഒ, സി.ഐ.ഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ വി.പി നന്ദകുമാര്‍ ഭദ്രദീപം കൊളുത്തി. എഫ്.എം.ബി അവാര്‍ഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. പെഗാസസ് ചെയര്‍മാന്‍ അജിത് രവി, അവാര്‍ഡ് ജൂറി അംഗങ്ങളായ റോയി മണപ്പള്ളില്‍, ഡിക്യു വാച്ചസ് ഡയറക്ടര്‍ നിഷിജിത്ത് കെ ജോണ്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി ആന്റ് സി.ഇ.ഒ വി.പി നന്ദകുമാര്‍, പെഗാസസ് ചെയര്‍മാന്‍ അജിത് രവി, സംവിധായകന്‍ സലാം ബാപ്പു, റോയ് മണപ്പിള്ളില്‍, ഐശ്വര്യ അഡ്വര്‍ടൈസിംഗ് സി.ഇ.ഒ കെ. വിജയകുമാര്‍ എന്നിവരാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here