വാട്‌സ്ആപ്പ് യൂസര്‍മാര്‍ക്ക് ഭീഷണിയുമായി വ്യാജന്‍ രംഗത്ത്. ഫോണില്‍ നുഴഞ്ഞു കയറി വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുകയാണ് വാട്‌സ്ആപ്പ് വ്യാജന്റെ ലക്ഷ്യം.

നിലവിലുള്ള വാട്‌സ്ആപ്പ് മറ്റു നിറങ്ങളില്‍ ലഭിക്കുമെന്ന് വ്യക്തമാക്കി കൊണ്ടാണ് വ്യാജ വാട്‌സ്ആപ്പ് വെബ്‌സൈറ്റിന്റെ ലിങ്ക് പ്രചരിക്കുന്നത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വ്യാജന്റെ വെബ്‌സൈറ്റിലാണ് എത്തുക. ഈ വെബ്‌സൈറ്റില്‍ നിന്നും പുതിയ വാട്‌സ്ആപ്പ് പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വ്യാജന്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുമെന്നാണ് ടെക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

‘ I love the new colors for whatsapp ‘ എന്ന സന്ദേശത്തോടെയാണ് വ്യാജന്റെ ലിങ്ക് പ്രചരിക്കുന്നത്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ പാടില്ലെന്നാണ് കമ്പനിയുടെ സുരക്ഷാ വൃത്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.