ലാല്‍ ജോസിന്റെ സ്വന്തം ‘നടന്‍’; ചെറിയ ‘വലിയ’ വേഷങ്ങളുമായി സുബീഷ് തിരക്കുകളിലേക്ക്

‘സത്യജിത്ത് റായിയുടെ സ്വന്തം നടനെ പോലെ’- ലാല്‍ ജോസിന്റെ എട്ടാമത്തെ സിനിമയിലും അഭിനയിക്കാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഒരു ബുദ്ധിജീവി സിനിമാക്കാരന്‍ സുബീഷിനെ ഇങ്ങനെയാണ് സാമ്യപ്പെടുത്തിയത്. അങ്ങനെയൊരു നടനെക്കുറിച്ച് തന്നെ സുബീഷ് സുധി ആദ്യമായി കേള്‍ക്കുകയായിരുന്നു. തിരുവനന്തപുരത്ത് ലാല്‍ജോസിന്റെ മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കാനെത്തിയ നടന്‍ ഇഞ്ചക്കലിലെ കിംഗ്‌സ് വേ ഹോട്ടലില്‍ നിന്ന് എത്തിയ വിവരത്തിന് വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചതും അതായിരുന്നു ‘ആരാണ് ആ നടന്‍?’ ‘സത്യജിത്ത് റായിയുടെ ആ സ്വന്തം നടന്‍?’ സൗമിത്രാ ചാറ്റര്‍ജി.

റായിയുടെ 14 സിനിമകളിലെയും പ്രധാന നടനാണ് സൗമിത്രാ ദാ. റായിയുടെ അപുത്രയത്തിലെ അപു. ആ ഇതിഹാസ തരം ഇപ്പോള്‍ കൊല്‍ക്കത്തയിലുണ്ട്. റായ് പഥേര്‍ പാഞ്ചാലിക്ക് വേണ്ടി സൗമിത്രയെ ആദ്യം കണ്ടതും മറ്റൊന്നും ആലോചിക്കാതെ ‘ഇനി പോയി അപുവായി വരൂ’ എന്ന് പറഞ്ഞത്രേ. ‘നിന്നോട് അങ്ങനെയെങ്ങാനും ലാല്‍ജോസ് പറഞ്ഞിട്ടുണ്ടോ?’ മറുതലയ്ക്കല്‍ ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി. ബുദ്ധിജീവി ഒന്ന് ആക്കിയതാണെന്ന് മനസിലായ ചിരിമാത്രമല്ല അത്. ലാല്‍ ജോസിന്റെ എട്ടുസിനിമകളിലെയും എട്ടുവേഷങ്ങളും തന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ടതാണെന്ന് അഭിമാനത്തോടെ തിരിച്ചറിയുന്ന ഒരാളുടെ ചിരിയാണത്.

അറബിക്കഥയില്‍ ശ്രീനിവാസന് ചങ്കുപൊട്ടുമാറ് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊടുത്താണ് സുബീഷിനെ പലരും സ്‌ക്രീനില്‍ കാണുന്നത്. അങ്ങനെയൊരു ചെറുവേഷം ലഭിച്ചത് തന്നെ വലിയ അലച്ചിലിനൊടുവിലാണ്. സിനിമയിലേക്കുള്ള അദമ്യമായ മോഹവുമായി വടക്കേ മലബാറിലെ പയ്യന്നൂരില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും മാറിമാറി വണ്ടി കയറുമ്പോള്‍ കണ്ണൂര്‍ സര്‍വ്വകലാശാല കലാ പ്രതിഭ എന്ന പട്ടം മാത്രമായിരുന്നു സുബീഷിന്റെ കൈയ്യിലുണ്ടായിരുന്നത്. സിനിമാ നടന്മാര്‍ക്ക് പൊതുവേ കാണുന്ന കോമളത്തം ഒട്ടുമേയില്ല. കൈയ്യില്‍ കാശുമില്ല. അതു തന്നെയാണ് നിന്റെ കൈമുതല്‍ നീ രക്ഷപ്പെടുമെന്ന് പറഞ്ഞത് നടന്‍ ശ്രീനിവാസനാണ്. ഉത്ക്കടമായ ആഗ്രഹമുണ്ടെങ്കില്‍ എന്തും വഴിയേ വരും എന്ന് പറഞ്ഞപോലെ അത് സംഭവിക്കുകയായിരുന്നു.

‘എന്റെ പരിമിതിയെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. ഞാന്‍ വലിയൊരു നടനൊന്നുമല്ല. പക്ഷെ, എനിക്കും ചെയ്യാനാവുന്ന ചില കാര്യങ്ങളുണ്ട്. ചില വേഷങ്ങള്‍ക്ക് ഞാനായാലും മതി എന്ന ബോധ്യമുണ്ട്. സിനിമയില്‍ ഇതൊക്കെ സംഭവിച്ചു പോവുന്നതാണ്. പൊടുന്നനെ നമ്മുടെ നിലയും വിലയുമെല്ലാം മാറി മറിയും. അപ്പോള്‍ നമ്മള്‍ നടനായും കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളുന്നവനുമൊക്കെയായി മാറും. നമുക്ക് അത്യാവശ്യമാണ് ഈ ജീവിതമെങ്കില്‍ നമ്മള്‍ ഏതുവേഷവും ചെയ്യും. അത് സിനിമയിലായാലും ജീവിതത്തിലായാലും’- സുബീഷ് പറയുന്നു.

ക്ലാസ്‌മേറ്റ്‌സിന് ശേഷം 12 സിനിമകളാണ് ലാല്‍ ജോസ് സംവിധാനം ചെയ്തത്. ഇതില്‍ എട്ട് സിനിമകളിലും സുബീഷ് സുധി എന്ന നടനുണ്ട്. ലാല്‍ ജോസ് ആണ് സിനിമയിലേക്ക് ടോര്‍ച്ച് തെളിയിച്ച് തന്നത്. അദ്ദേഹമാണ് മനസില്‍ ഗുരു. ലാല്‍ ജോസിന്റെ സിനിമ എന്ന് പറഞ്ഞാല്‍ സുധീഷിന്റെ കൂടി സിനിമയെന്നാണ് അര്‍ത്ഥം. വേഷം എത്ര ചെറുതായാലും അതിന്റെ ഒരു അപകര്‍ഷവുമില്ലാതെ സുധീഷ് സിനിമയെ അങ്ങ് ഏറ്റെടുക്കുമെന്നാണ് സെറ്റിലുള്ളവരെല്ലാം പറയുന്നത്. മോഹന്‍ലാല്‍ നായകനായ പുതിയ ലാല്‍ ജോസ് സിനിമയിലും സുബീഷിന് ഒരു വേഷമുണ്ട്. ഒരു മെക്‌സിക്കന്‍ അപാരത, ദ ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകള്‍ക്ക് ശേഷം സുബീഷിന്റെ ഈ വര്‍ഷത്തെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരിക്കും അത്.

‘2006ല്‍ ഇങ്ങനെയൊരു ഒരു മെയ് മാസത്തിലായിരുന്നു ഞാന്‍ ലാല്‍ജോസ് സാറിന്റെ സെറ്റിലെത്തിയത്. സിനിമ ക്ലാസ്മേറ്റ്സ്. എനിക്ക് സിനിമാ നടന്‍ എന്ന വിലാസം തന്ന സിനിമ. കോട്ടയം സിഎംഎസ് കോളേജ് ആയിരുന്നു ലൊക്കേഷന്‍. ഒരു പതിറ്റാണ്ട് പിന്നിട്ടു. തുമ്പ സെന്റ്് സേവ്യേര്‍സ് കോളേജിലെ കേരളം കാത്തിരിക്കുന്ന മോഹന്‍ലാല്‍ സിനിമയിലെ ലൊക്കേഷനിലാണ് ഞാനിപ്പോള്‍. എന്റെ എന്തെങ്കിലും കഴിവുകള്‍ കൊണ്ടൊന്നുമല്ല ഈ ചെറിയ ‘വലിയ’ വളര്‍ച്ച. ലാല്‍ ജോസ് സാറിനെപ്പോലുള്ളവര്‍ നല്‍കുന്ന വിശ്വാസമാണ് എന്നെ പോലുള്ള നടന്മാരുടെ ഈ രംഗത്തെ ആയുസ് തിരുമാനിക്കുന്നത്’. ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ ഏഴായിരം കണ്ടിയില്‍ മൊട്ടയടിച്ച് ഒരു മൂപ്പന്റെ റോളിലായിരുന്നു സുബീഷ്. അധികം പേരും ആളെ തിരിച്ചറിഞ്ഞില്ല. മെക്‌സിക്കന്‍ അപാരതയില്‍ കണ്ണൂരുകാരനായ വിദ്യാര്‍ത്ഥി നേതാവ് രാജേഷ്. സുഹൃത്ത് ടിവി രാജേഷ് എംഎല്‍എയുടെ അടുത്തറിയാവുന്ന രാഷ്ട്രീയ ജീവിതമായിരുന്നു അപ്പോള്‍ മനസിലെന്ന് സുബീഷ് പറയുന്നു. മറിയംമുക്കില്‍ ഫഹദ് ഫാസിലിനൊപ്പവും സുബീഷ് നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചു.


കഥ പറയുമ്പോള്‍, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും, മറിയം മുക്ക്, എന്ന് നിന്റെ മൊയ്തീന്‍, കറുത്ത ജൂതന്‍, ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ ഏഴായിരം കണ്ടി, മുല്ല, അറബിക്കഥ, ഗാംഗ്സ്റ്റര്‍, തട്ടത്തിന്‍ മറയത്ത് എന്നീ സിനിമകളിലൂടെയെല്ലാം സുബീഷ് സുധി ഇന്റസ്ട്രിയില്‍ ഇന്ന് തിരക്കുള്ള നടനായി മാറിക്കൊണ്ടിരിക്കുകയാണ്.

നവാഗതര്‍ ഒരുക്കുന്ന പൈപ്പിന്‍ചുവട്ടിലെ പ്രണയം, സിനിമാക്കാരന്‍, സലിം കുമാര്‍ സംവിധാനം ചെയ്ത കറുത്ത ജൂതന്‍ എന്നീ സിനിമകള്‍ ഇനി തിയേറ്ററില്‍ എത്താനായുണ്ട്.

‘വലിയ നടന്മാരൊക്കെ പറയുന്നത് പോലെ പറയുകയല്ല. ഒരു മേനി പറയുന്നതുമല്ല. രണ്ട് വര്‍ഷത്തേക്ക് ചെയ്യാനുള്ള ചിത്രങ്ങള്‍ ഏതാണ്ട് കൈയ്യില്‍ കിട്ടിയിട്ടുണ്ട്. അത് കൊണ്ട് രണ്ടുവര്‍ഷത്തേക്ക് വേറെ പണിയൊന്നും ആലോചിക്കേണ്ടതില്ലെന്നര്‍ത്ഥം. സിനിമയെ എനിക്കാണാവശ്യം. സിനിമയ്ക്ക് ഞാനല്ല. തേടിപ്പിടിച്ചതാണ് അവസരങ്ങള്‍. ഇപ്പോള്‍ ഓരോന്നായി തേടി വരാനും തുടങ്ങിയിട്ടുണ്ട്. ഇനി അങ്ങനെയല്ലെങ്കിലും ആവശ്യക്കാരന് ഔചിത്യങ്ങളുടെ ആവശ്യമില്ല.’ സ്വപ്രയത്‌നവും സ്ഥിരോത്സാഹവും മാത്രം കൊണ്ട് ഒരാള്‍ക്ക് അത്രയുമാകാമെങ്കില്‍ തുടര്‍ന്നും സിനിമയിലെ വലിയ ഉയരങ്ങളിലേക്കുള്ള വഴികളെല്ലാം അയാള്‍ക്ക് മുന്നില്‍ താഴ്ന്ന് കൊടുക്കാനേ ഇടയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here