ലാലിഗ ഫോട്ടോഫിനിഷിന് മുമ്പെ കൈക്കൂലി വിവാദം; തോല്‍ക്കാതിരുന്നാല്‍ റയലിന് കിരീടം; റയലിനോട് തോറ്റാല്‍ മലാഗയ്ക്ക് ഏഴ് കോടി കിട്ടുമെന്ന് കരാര്‍. ആരാധകര്‍ക്ക് അമ്പരപ്പ്

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ കിരീടപോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് കടന്നിരിക്കെയാണ് വിവാദം പുകയുന്നത്. ലീഗില്‍ ഒന്നാം സഥാനത്ത് നില്‍ക്കുന്ന റയല്‍ മാഡ്രിഡ് അവസാന മല്‍സരത്തിന് മലാഗക്കെതിരെ ഇറങ്ങുമ്പോള്‍ തോല്‍ക്കാതിരുന്നാല്‍ കിരീടത്തില്‍ മുത്തമിടും. സമനിലയും വിജയവും ലാലിഗ കിരീടം സാന്റിയാഗോ ബര്‍ണബ്യൂവിലെത്തിക്കും.

മറുവശത്ത് ചിരവൈരികളായ ബാഴ്‌സലോണയ്ക്കും പ്രതീക്ഷയ്ക്ക് വകയുണ്ട്. റയല്‍ തോല്‍ക്കുകയും ബാഴ്‌സ ജയിക്കുകയും ചെയ്താല്‍ കിരീടം വീണ്ടും ന്യൂകാമ്പിലാകുമെത്തുക. അട്ടിമറിക്ക് പേരുകേട്ട മലാഗ സ്വന്തം മൈതാനത്ത് റയലിന്റെ പടയോട്ടത്തിന് അന്ത്യം കുറിക്കുമെന്നായിരുന്നു ബാഴ്‌സ ആരാധകര്‍ സ്വപ്‌നം കണ്ടിരുന്നതും.

അതിനിടയിലാണ് ബാഴ്‌സ ആരാധകരുടെ നെഞ്ചിലേക്ക് ഇടിത്തീയായി ആ വാര്‍ത്തയെത്തിയത്. റയല്‍ കിരീടം സ്വന്തമാക്കിയാല്‍ മലാഗയ്ക്ക് ഏഴ് കോടി രൂപ സമ്മാനമായി നല്‍കണമെന്ന കരാര്‍ ഇരുടീമുകള്‍ക്കുമിടയില്‍ നില നില്‍ക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ അമ്പരന്ന് നില്‍ക്കുകയാണ് ബാഴ്‌സ ആരാധകര്‍. കളി ജയിക്കാന്‍ മലാഗക്ക് റയല്‍ നല്‍കുന്ന കൈക്കൂലിയാണോ എന്ന് ചോദിക്കാന്‍ വരട്ടെ. ആ കരാറിന്റെ വിശദാംശങ്ങള്‍ കൂടി അറിയണം.

റയലിന്റെ ഇപ്പോഴത്തെ യംഗ് സൂപ്പര്‍ സ്റ്റാര്‍ ഇസ്‌കോയെ 2013 ല്‍ മലാഗ സാന്റിയാഗോ ബര്‍ണബ്യൂവിലേക്ക് കൈമാറാനുണ്ടാക്കിയ കരാറിലെ ഒരു നിബന്ധന ഇപ്രകാരമാണ്. ഇസ്‌കോയുടെ കൂടെ മികവില്‍ റയല്‍ 5 വര്‍ഷത്തിനുള്ളില്‍ സ്പാനിഷ് ലീഗ് കിരീടം നേടിയാല്‍ ഓരോ കിരീടത്തിനും റയല്‍ മലാഗക്ക് ഏഴു കോടിയോളം രൂപ നല്‍കണമെന്നതായിരുന്നു ആ നിബന്ധന. ഇസ്‌കോ ടീമിലെത്തിയ നാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് റയല്‍ കിരീടത്തിന് ഒരു കയ്യകലെ എത്തിനില്‍ക്കുന്നത്.

പണം കിട്ടാനായി മലാഗ ഞായറാഴ്ചത്തെ മല്‍സരം മനപ്പൂര്‍വം തോറ്റുകൊടുക്കുമെന്നാണ് ബാഴ്‌സലോണ ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. മത്സരം മലാഗ ജയിച്ചാല്‍ അവര്‍ക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലതാനും. മറിച്ച് പരാജയപ്പെടുകയോ സമനിലയിലാകുകയോ ചെയ്താല്‍ റയല്‍ കിരീടം നേടുകയും അതുവഴി തങ്ങള്‍ക്ക് കോടികള്‍ ലഭിക്കുമെന്ന സാഹചര്യവും മുന്നിലുണ്ട്. പണ്ടേ മലാഗയെ ബഴ്‌സലോണക്ക് കലിപ്പാണ് അതിന്റെ കൂടെയാണ് പണം നല്‍കിയുള്ള കരാറും. റയലായിരിക്കും ഇത്തവണത്തെ സ്പാനിഷ് ലീഗ് ജേതാക്കളെന്ന് മലാഗയുടെ പരിശീലകന്‍ കഴിഞ്ഞ ദിവസം പറഞ്ഞതും ബാഴ്‌സ ആരാധകരുടെ കലിപ്പ് കൂട്ടുന്നു. പക്ഷെ പണത്തേക്കാളും വലുതാണ് കളിക്കളത്തിലെ പോരാട്ടവീര്യമെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള മലാഗ ആ വീര്യത്തില്‍ തന്നെ പന്തുതട്ടുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല. എന്തായാലും കാല്‍പന്താരാധകരുടെയെല്ലാം കണ്ണ് ലാലിഗയിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News