ജൂലിയന്‍ അസാന്‍ജിന് മേല്‍ ആരോപിക്കപ്പെട്ട ബലാത്സംഗകേസ് അവസാനിപ്പിച്ചെന്ന് സ്വീഡന്‍; വാര്‍ത്തയെ സ്വാഗതം ചെയ്ത അസാന്‍ജ്

സ്റ്റോക്ക്‌ഹോം: വിക്കിലീക്‌സ് സ്ഥാപകനായ ജൂലിയന്‍ അസാന്‍ജിന് മേല്‍ ആരോപിക്കപ്പെട്ട ബലാത്സംഗകേസ് അവസാനിപ്പിച്ചതായി സ്വീഡന്‍. ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍ മരിയാന നീയാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. ലണ്ടനിലെ ഇക്വഡോറിയന്‍ എംബസിയില്‍ ഇരുന്ന് ചിരിക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് അസാന്‍ജ് വാര്‍ത്തയെ വരവേറ്റത്.

മുന്‍ വിക്കിലീക്‌സ് വോളണ്ടിയര്‍മാരായ രണ്ടു സ്ത്രീകളാണ് അസാന്‍ജ് പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചത്. കേസില്‍ സ്വീഡിഷ് പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ നവംബറില്‍ അസാന്‍ജിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ലൈംഗികാരോപണം നിഷേധിച്ച അസാന്‍ജ്, ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് മൊഴി നല്‍കുകയായിരുന്നു. ബലാത്സംഗ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അസാന്‍ജ് വാദിച്ചിരുന്നു.

അതേസമയം, അസാന്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള മറ്റ് വകുപ്പുകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ലണ്ടന്‍ പൊലീസ് പറയുന്നത്. 2012 ജൂണ്‍ 29ന് അസാന്‍ജിനെതിരെ കോടതി പുറപ്പെടുവിച്ച വാറണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

45കാരനായ അസാന്‍ജ് ഇക്വഡോര്‍ എംബസിയില്‍ 2012 മുതല്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അമേരിക്കയുടെ സൈനിക, നയതന്ത്ര രേഖകള്‍ ചോര്‍ത്തി വിക്കിലീക്‌സിലൂടെ പുറത്തുവിട്ടതിന് നടപടിയെടുത്തേക്കുമെന്ന ഭയത്തിലാണ് അസാന്‍ജ്. തന്നെ സ്വീഡന്‍ സര്‍ക്കാര്‍ അമേരിക്കക്ക് കൈമാറുമെന്ന ഭീതിയിലാണ് അസാന്‍ജ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News