കൊലയാളി കോളേജിലേക്ക് വിദ്യാര്‍ഥികളില്ല; ആളെ പിടിക്കാന്‍ പുതിയ തന്ത്രം; അഞ്ചു കോടിയുടെ സ്‌കോളര്‍ഷിപ്പ് ഓഫറുമായി പാമ്പാടി നെഹ്‌റു കോളേജ്

തൃശൂര്‍: ജിഷ്ണുവിന്റെ മരണത്തോടെ വിദ്യാര്‍ഥികള്‍ അകന്ന പാമ്പാടി നെഹ്‌റു കോളേജ് പ്രതിച്ഛായ പിടിച്ചെടുക്കാന്‍ അഞ്ച് കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് ഓഫറുമായി രംഗത്ത്. മികച്ച വിദ്യാര്‍ഥികള്‍ക്ക് അഞ്ച് കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നാണ് കോളേജ് മാനേജ്‌മെന്റിന്റെ പുതിയ ഓഫര്‍. പ്രമുഖ ദിനപത്രങ്ങളുടെ ഒന്നാം പേജിലാണ് നെഹ്‌റു ഗ്രൂപ്പ് സ്‌കോളര്‍ഷിപ്പ് പരസ്യം നല്‍കിയത്. അടുത്ത അധ്യയന വര്‍ഷത്തേക്ക് വിദ്യാര്‍ഥികളെ കണ്ടെത്താനാണ് മാനേജ്‌മെന്റിന്റെ പുതിയ തന്ത്രം.

ജിഷ്ണുവിന്റെ മരണത്തോടെ നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള കോളേജുകള്‍ക്കെതിരെ വ്യാപക പ്രചരണമാണ് സോഷ്യല്‍മീഡിയയിലും നടക്കുന്നത്. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതി കൊലയാളി കോളേജിലേക്ക് വിദ്യാര്‍ഥികളെ അയക്കരുതെന്നാണ് പ്രചരണങ്ങളുടെ ഉള്ളടക്കം. ഇതിനിടെയാണ് പുതിയ ഓഫറുമായി മാനേജ്‌മെന്റ് രംഗത്തെത്തിയത്. കേരള എന്‍ട്രന്‍സില്‍ 5000 റാങ്ക് വരെയുള്ളവര്‍ക്ക് ട്യുഷന്‍ ഫീസായി 5000 രൂപ നല്‍കിയാല്‍ മതിയെന്നും താമസവും യാത്രയും സൗജന്യമായിരിക്കുമെന്നും പരസ്യത്തില്‍ പറയുന്നു.

ജിഷ്ണുവിന്റെ മരണത്തോടെയാണ് കോളേജ് മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ പുറത്തുവന്നത്. അച്ചടക്കത്തിന്റെ പേരില്‍ ക്രൂരപീഡനങ്ങളാണ് നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള കോളേജുകളില്‍ നടക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. പാമ്പാടി കോളേജില്‍ ഇടിമുറിയുണ്ടെന്നും പ്രതികരിക്കുന്ന വിദ്യാര്‍ഥികളെ ഇവിടെ വച്ച് മര്‍ദ്ദിക്കാറുണ്ടെന്നും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയിരുന്നു. ഗ്രൂപ്പിനു കീഴിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ഥികളും മാനേജ്‌മെന്റ് നിലപാടുകള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജിഷ്ണുവിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News