സ്വര്‍ണ്ണം, സിഗരറ്റ്, ബീഡി എന്നിവയുടെ നികുതിയില്‍ തീരുമാനമായില്ല; അടുത്ത മൂന്നിന് വീണ്ടും ജിഎസ്ടി കൗണ്‍സില്‍ യോഗം

ദില്ലി: സ്വര്‍ണ്ണം ഉള്‍പ്പെടെ ആറ് ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ല. തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ അടുത്ത മാസം മൂന്നിന് വീണ്ടും ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരും. അതേസമയം സേവന നികുതി നിരക്കുകളും 98 ശതമാനം ഉല്‍പ്പന്നങ്ങളുടെ നികുതിയും നിശ്ചയിച്ചു.

സ്വര്‍ണ്ണം, സിഗരറ്റ്, ബീഡി തുടങ്ങി ആറ് ഉല്‍പ്പന്നങ്ങളുടെ നികുതി സംബന്ധിച്ചാണ് ജിഎസ്ടി കൗണ്‍സിലില്‍ തര്‍ക്കം തുടരുന്നത്. സ്വര്‍ണ്ണത്തിന് നാല് ശതമാനം സെസ് മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ അഞ്ച് ശതമാനമെങ്കിലും സെസ് ഈടാക്കണമെന്നാണ് കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശം. ഒരു ശതമാനം സെസ് മതിയെന്ന തമിഴ്‌നാട് ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടു. അഭിപ്രായ സമന്വയം ഉണ്ടാകാത്ത സാഹചര്യത്തില്‍ അടുത്ത മാസം മൂന്നിന് വീണ്ടും ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരും.

അതേസമയം, ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 98 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഈടാക്കേണ്ട നികുതി നിരക്ക് സംബന്ധിച്ച് ധാരണയായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സേവന നികുതി ഉണ്ടാകില്ല. ടെലകോം സേവനങ്ങള്‍ക്ക് 18 ശതമാനവും റോഡ് റെയില്‍ വ്യോമ ഗതാഗതത്തിന് അഞ്ച് ശതമാനവും സേവനനികുതി ഈടാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

നോണ്‍ എസി ഹോട്ടലുകള്‍ക്ക് 12 ഉം എസി ഹോട്ടലുകള്‍ക്ക് പതിനെട്ട് ശതമാനവുമാണ് സേവന നികുതി. പഞ്ച നക്ഷത്ര ഹോട്ടലുകള്‍ക്കും മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകള്‍ക്കും കാസിനോകള്‍ക്കും ഉയര്‍ന്നനിരക്കായ 28 ശതമാനം ഈടാക്കും. പാല്‍, മുട്ട, പച്ചക്കറികള്‍, ഭക്ഷ്യ ധാന്യങ്ങള്‍, കാലിത്തീറ്റ തുടങ്ങി നൂറോളം ഉല്‍പ്പന്നങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here