‘പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്കും മോഹങ്ങള്‍ക്കും അതിരിടാന്‍ ആര്‍ക്കും അവകാശമില്ല’; ഒറ്റ വാക്കില്‍ പറയാം; ബേസില്‍ ജോസഫിന്റെ ഗോദ ‘പക്കാ ഫാമിലി, കോമഡി എന്റര്‍ടെയ്‌നെര്‍’

ബേസില്‍ ജോസഫ് എന്ന യുവസംവിധായകനും ഇഷ്ടനടനായ ടോവിനോയും ആയിരുന്നു ഗോദയിലേക്ക് ആകര്‍ഷിച്ച് നിര്‍ത്തിയ ഘടകങ്ങള്‍. മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിന് ശേഷം എത്തുന്ന ടോവിനോ ചിത്രമാണ് ഗോദ. ആഞ്ജനേയ ദാസ് എന്ന കഥാപാത്രത്തെ നല്ല കയ്യടക്കത്തോടെയും മികവോടെയും അവതരിപ്പിക്കാന്‍ ടോവിനോക്ക് കഴിഞ്ഞു. കഥാപാത്ര തെരഞ്ഞെടുപ്പില്‍ ഈ യുവ നടന്‍ കാത്തു സൂക്ഷിക്കുന്ന കയ്യടക്കം എടുത്തു പറയാതെ വയ്യ.

ആദ്യ പകുതിയില്‍ ‘ലോലന്‍’ ആയ ദാസായും രണ്ടാം പകുതിയില്‍ ആത്മവിശ്വാസം നേടിയ, കരുത്താര്‍ജ്ജിച്ച ദാസായും കസറുന്ന ടോവിനോ സിനിമകളുടെ എണ്ണത്തിലല്ല ചെയ്യുന്ന റോളുകളില്‍ ആണ് കാര്യമെന്ന് ഓര്‍മിപ്പിക്കുന്നുണ്ട്. വാമികാ ഗബ്ബിയുടെ അതിഥി സിംഗ് ആയിട്ടുള്ള പ്രകടനം അതിഗംഭീരമായിരിക്കുന്നു. ആദ്യ മലയാള ചിത്രമെന്ന പരിഭ്രമം തെല്ലുപോലുമില്ലാതെ മലയാള സിനിമയിലേക്ക് ഒരു മാസ് എന്‍ട്രി
നടത്തിയിരിക്കുകയാണ് വാമികാ. ഗുസ്തിയെ പ്രണയിക്കുന്ന പഞ്ചാബിസുന്ദരിയുടെ വേഷം വാമികയുടെ കയ്യില്‍ ഭദ്രമായിരുന്നു. പെണ്‍കരുത്തിന്റെ മുഖമായി മാറുന്നുണ്ട് അതിഥി.

കലക്കന്‍ ഇന്‍ട്രോയിലൂടെയാണ് രഞ്ജിപണിക്കര്‍ സ്‌ക്രീനില്‍ എത്തുന്നത്. ഫിസിക്കല്‍ അപ്പിയറന്‍സ് കൊണ്ട് ഞെട്ടിച്ചു കളഞ്ഞ അദ്ദേഹം, ക്യാപ്റ്റന്‍ എന്ന തന്റെ കഥാപാത്രത്തെ അഭിനയമികവ് കൊണ്ടും കഥാപാത്രത്തിന് ചേരുന്നതരത്തിലുള്ള ഡയലോഗ് ഡെലിവറി കൊണ്ടും സമ്പന്നമാക്കിയിരിക്കുന്നു.

ബിജുകുട്ടന്‍, അജു വര്‍ഗീസ്, ധര്‍മജന്‍ തുടങ്ങിയവര്‍ ചിരിയുടെ രസച്ചരട് പൊട്ടാതെ കാത്തു. തുടക്കം മുതലുള്ള മുഷിപ്പിക്കാത്ത, ഫ്രഷ് കോമഡികള്‍ ചിത്രത്തിനു കരുത്താകുന്നുണ്ടെന്നു നിസ്സംസയം പറയാം. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തെയും പഞ്ചാബിനെയും ഗുസ്തി എന്ന കായിക ഇനത്തിലൂടെ ബന്ധിപ്പിച്ച തിരക്കഥ തന്നെയാണ് ഇതിന്റെ ഹൈ ലൈറ്റ്.

രാകേഷ് മണ്ടോടിയുടേതാണ് തിരക്കഥ. ബേസില്‍ ജോസഫ് എന്ന സംവിധായകന്റെ രണ്ടാമത്തെ സംരംഭം ആണ് ഗോദ. ആദ്യസിനിമയായ കുഞ്ഞിരാമായണം ഒരു ചെറിയ കാന്‍വാസില്‍ ഒരുങ്ങിയ ലളിതമായ ക്ലീന്‍ സിനിമ. എന്നാല്‍ രണ്ടാമത്തെ സിനിമയിലേക്ക് എത്തുമ്പോള്‍, സംവിധായകന്റെ കാഴ്ചപ്പാടുകള്‍ വികസിച്ചിരിക്കുന്നത് കാണാം. ഒപ്പം സംവിധാന മികവും. സിനിമയുടെ ചുറ്റുപാടുകളില്‍ ആ വികസനം കാണാം. ആദ്യസിനിമയില്‍ നിറഞ്ഞു നിന്ന ലാളിത്യവും ഗ്രാമീണഭംഗിയുമൊക്കെ ഇതിലും നമുക്ക് കാണാം. സംവിധാനത്തില്‍ മാത്രമല്ല എല്ലാ മേഘലകളിലും ക്രിയാത്മകത കൊണ്ട് വരുവാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

വിഷ്ണു ശര്‍മ തന്റെ കര്‍ത്തവ്യം അതി ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. സിനിമയുടെ പാശ്ചാത്തലത്തിനോട് യോജിച്ചു നിക്കുന്ന ഛായാഗ്രഹണം, മനോഹരമായ ഫ്രെയിംസ്. അഭിനവ് സുന്ദര്‍ നായക് ആണ് എഡിറ്റിംഗ്. കഥയ്ക്ക് ആവശ്യമായ വേഗതയും ഒഴുക്കും കൃത്യമായ അളവില്‍ ചേര്‍ത്ത ചിത്ര സംയോജനം പ്രശംസ അര്‍ഹിക്കുന്നു. എടുത്തു പറയേണ്ട മറ്റൊന്ന് ഷാന്‍ റഹ്മാന്റെ പശ്ചാത്തല സംഗീതമാണ്. സിനിമയുടെ ഫീല്‍ അതെ പടി നിലനിര്‍ത്താന്‍ യഴാനു ആയി. പാട്ടുകളും മനോഹരം. ക്യാപ്റ്റന്‍ എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ സീനിലെ പശ്ചാത്തല സംഗീതം അതിഗംഭീരം ആയിരുന്നു. ‘ആരോ.. നെഞ്ചില്‍ മഞ്ഞായ് പെയ്യുന്ന നേരം..’ എന്ന ഗാനം മനസില്‍ പ്രണയത്തിന്റെ മഞ്ഞു വിതറുന്നുണ്ട്.

ഗുസ്തി എന്ന കായിക മത്സരത്താലാണ് ‘ഗോദ’യുടെ നട്ടെല്ല് നിര്‍മിച്ചിരിക്കുന്നത്. കണ്ണാടികല്ല് എന്ന കൊച്ചു ഗ്രാമത്തിലെ മനയത്ത് വയല്‍ എന്ന ഗുസ്തി കേന്ദ്രത്തിലേക്കാണ് നമ്മളെ കൂട്ടികൊണ്ട് പോകുന്നത്. ഗുസ്തി അന്യം നിന്ന് പോകുന്നതിന്റെ സങ്കടം ഉള്ളിലൊതുക്കി ജീവിക്കുന്ന ഒരു കൂട്ടം ഫയല്‍വാന്‍മാരുടെ നാടാണ് അത്. ഗുസ്തി എന്നാല്‍ ലങ്കോട്ടി മാത്രമല്ല, വേറേം കുറെ കാര്യങ്ങള്‍ ഉണ്ടെന്നു പറയുന്നത് മാത്രമല്ല, നമ്മളിലേക്ക് എത്തുകയും ചെയ്യുന്നുണ്ട് ചിത്രം. എങ്കിലും ഇത് പൂര്‍ണമായും ഒരു ‘ഗുസ്തി പടം’ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. സൗഹൃദവും കുടുംബബന്ധങ്ങളുടെ തീവ്രതയും പ്രണയവും ഒക്കെ ഇതള്‍ വിരിയുന്നുണ്ട് ചിത്രത്തില്‍. അതിനെയെല്ലാം ചേര്‍ത്ത് ബന്ധിക്കുന്ന ഒരു ചരടാണ് ഈ ചിത്രത്തില്‍ ഗുസ്തി.

നാടുകളില്‍ നിലനിന്നിരുന്ന പഴയ കാല വിനോദങ്ങള്‍ നിലനില്‍ക്കാത്തതും അഥവാ ഉണ്ടെങ്കില്‍ തന്നെ അവയ്ക്ക് വേണ്ട പ്രോത്സാഹനം കിട്ടാത്തതും ഈ ചിത്രം മുന്നോട്ടു വയ്ക്കുന്ന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണ്. പഴയ കാല ഫയല്‍മാന്‍മാര്‍ വേദനയോടെ പലതും ഓര്‍ക്കുമ്പോള്‍, പുതു തലമുറയോട് പറയുന്ന ഒന്നുണ്ട്, ‘പഴയതിനെ മറന്നു കൊണ്ടുള്ള മുന്നോട്ടു പോക്കിനെ നിങ്ങള്‍ വികസനം എന്ന് വിളിക്കും, പക്ഷേ ഞങ്ങള്‍ക്കത് വേരറുക്കല്‍ ആണ്.’ നമ്മള്‍ നമ്മോടു തന്നെ ഒരായിരം ആവര്‍ത്തി പറയേണ്ട എന്തോ ഒന്ന് ആ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നു.

ഒരു പെണ്‍കുട്ടി വലുതായി, കല്യാണപ്രായം എത്തുന്നതോടെ അന്ന് വരെ കണ്ട സ്വപ്നങ്ങളും മോഹങ്ങളും ഒക്കെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നതിനെ പറ്റിയും സിനിമ പറഞ്ഞു വയ്ക്കുന്നു. അഥിതി ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്, ‘മിഡില്‍ ക്ലാസ്സ് ഫാമിലിയിലെ ഒരു പെണ്ണിന് സ്വപ്നം കാണാവുന്നതിന്റെ ലിമിറ്റ് എന്ത്?’ എന്ന്. ഒപ്പം കൂട്ടി ചേര്‍ക്കുന്നുണ്ട് സാക്ഷി മല്ലിക് മെഡല്‍ നേടുമ്പോള്‍ കയ്യടിക്കാന്‍ ആളുണ്ടാവും, പക്ഷെ എത്ര പേര്‍ സ്വന്തം മക്കളെ ഇതിനൊക്കെ അയക്കുമെന്ന്. ആ ഒറ്റ ചോദ്യം ഒരായിരം ചോദ്യങ്ങളായാണ് സമൂഹത്തിലേക്ക് എത്തേണ്ടത്.

ഗുസ്തി എന്ന കായിക വിനോദത്തെ പ്രേക്ഷക മനസിലേക്ക് എത്തിക്കുന്നതിനോടൊപ്പം, അല്ലെങ്കില്‍ അതിനെക്കാള്‍ കൂടുതലായി ചിത്രം പറയുന്ന മറ്റൊന്നുണ്ട്, പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്കും മോഹങ്ങള്‍ക്കുമൊന്നും അതിരിടാന്‍ ആര്‍ക്കും അവകാശമില്ലെന്ന്. വിവാഹം കഴിപ്പിച്ചു വിട്ട് ആ സ്വപ്നങ്ങള്‍ക്ക് അതിര് നിര്‍മ്മിക്കുന്നതല്ല, മറിച്ച് ചേര്‍ന്ന് നിന്ന് ആ സ്വപ്‌നങ്ങള്‍ നേടാന്‍ സഹായിക്കലാണ് അവര്‍ ആഗ്രഹിക്കുന്നതെന്ന്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍, ഒരു പക്കാ ഫാമിലി, കോമഡി എന്റര്‍ടെയ്‌നെര്‍. കണ്ടിറങ്ങുമ്പോഴും കണ്ണാടിക്കല്ലും മനയത്തു വയലും ഒക്കെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here