പായുന്ന മെട്രോയെ നിയന്ത്രിക്കാന്‍ ഏഴു വനിതകളും; വീണ്ടും ചരിത്രം കുറിച്ച് കൊച്ചി മെട്രോ

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ സര്‍വീസിന് സാരഥിയാകുന്നവരില്‍ ഏഴ് വനിതകളും. പരിശീലനവും പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയാക്കി കന്നി യാത്രയ്ക്ക് തയ്യാറെടുക്കുകയാണിവര്‍. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ മെട്രോ ട്രെയിന്‍ ഓടിക്കാനുള്ള പരീശീലനം നേടിയത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ മെട്രോ അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാടിന്റെ അഭിമാനമായ ആധുനിക ഗതാഗത സംവിധാനത്തിന് അമരം പിടിക്കുന്ന എല്ലാ വനിതകള്‍ക്കും ആശംസകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്:

‘ഗോപികയും വന്ദനയും. കൊച്ചി മെട്രോ ട്രെയിനുകള്‍ ഓടിക്കുന്ന സാരഥികള്‍. കൊച്ചി മെട്രോയുടെ ഏഴു വനിതാ ഡ്രൈവര്‍മാരില്‍ രണ്ടുപേരാണിവര്‍. ഒരു നാടിന്റെ മുഴുവന്‍ അഭിമാനമായ ആധുനിക ഗതാഗത സംവിധാനത്തിന് അമരം പിടിക്കുന്ന എല്ലാ വനിതകള്‍ക്കും ആശംസകള്‍.’

മൊത്തം 39 ഡ്രൈവര്‍മാരാണ് കൊച്ചി മെട്രോ ട്രെയിന്‍ നിയന്ത്രിക്കുന്നത്. ട്രെയിന്‍ ഡ്രൈവര്‍ തസ്തികയിലേക്ക് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമയാണ് യോഗ്യത നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബി.ടെക് യോഗ്യതയുള്ളവരും ഡ്രൈവര്‍മാരായുണ്ട്.

കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ നല്‍കിയ തീരുമാനം ലോകമാധ്യമങ്ങളിലും ഇടംനേടിയിരുന്നു. ഇതിന് പിന്നാലെയാണ് സാരഥികളായും സ്ത്രീകളെ തെരഞ്ഞെടുത്തത്. ക്ലീനിംഗ്, പാര്‍ക്കിംഗ് നിയന്ത്രണം, ടിക്കറ്റ് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനും തീരുമാനമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News