ജനകീയ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം; നിരവധി വികസന, ക്ഷേമപദ്ധതികള്‍ക്കും ആരംഭം; ജില്ലാതലത്തിലും ആഘോഷപരിപാടികള്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ഇന്ന് മുതല്‍ ജൂണ്‍ അഞ്ചുവരെ വിപുലമായി ആഘോഷിക്കും. ഔദ്യോഗിക ഉദ്ഘാടനം 25ന് വൈകിട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ആഘോഷത്തോടനുബന്ധിച്ച് നിരവധി വികസന, ക്ഷേമപദ്ധതികള്‍ക്ക് തുടക്കം കുറിക്കും. 140 നിയമസഭാ മണ്ഡലത്തിലും വിവിധ പദ്ധതികള്‍ക്ക് തുടക്കമിടുമെന്ന് ആഘോഷപരിപാടികള്‍ക്കായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി കണ്‍വീനര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ഉദ്ഘാടനച്ചടങ്ങില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വേദിയില്‍ ആയിരം മണ്‍ചെരാതുകള്‍ കൊളുത്തും. നെയ്യാറില്‍നിന്ന് അരുവിക്കരയിലേക്ക് വെള്ളമെത്തിക്കാന്‍ പ്രവര്‍ത്തിച്ച ജീവനക്കാരെ ആദരിക്കും. തുടര്‍ന്ന് ബാലഭാസ്‌കര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, രഞ്ജിത് ബാരോട്ട്, ഫസല്‍ഖുറേഷി എന്നിവര്‍ അവതരിപ്പിക്കുന്ന ബിഗ്ബാന്‍ഡ് അരങ്ങേറും.

വിവിധ ജില്ലകളിലും ആഘോഷപരിപാടികള്‍ നടക്കും. പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനം, സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം, പുതിയ പദ്ധതികളുടെ തറക്കല്ലിടല്‍, പട്ടയവിതരണം, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, കരകൗശലമേള, പ്രദര്‍ശനം, സാംസ്‌കാരിക കൂട്ടായ്മ, മതസൗഹാര്‍ദ സമ്മേളനം തുടങ്ങിയ പരിപാടികളോടെയാണ് ജില്ലകളില്‍ വാര്‍ഷികാഘോഷം. ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ജൂണ്‍ അഞ്ചിന് വൈകിട്ട് ആറിന് കോഴിക്കോട് ബീച്ചില്‍ വാര്‍ഷികാഘോഷങ്ങളുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് സംഗീതസന്ധ്യ അരങ്ങേറും. പരിസ്ഥിതിദിനമായ അന്ന് രാവിലെ 10ന് സംസ്ഥാനത്തുടനീളം വൃക്ഷത്തൈ നടും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിര്‍വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News