വിവാദങ്ങള്‍ ഇടതുസര്‍ക്കാരിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; വിവാദങ്ങളുടെ പിന്നാലെ പോകാന്‍ സമയമില്ല; വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും

തിരുവനന്തപുരം: വിവാദങ്ങളൊന്നും എല്‍ഡിഎഫ് സര്‍ക്കാരിനെ ബാധിക്കില്ലെന്നും വികസന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ നീങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദങ്ങളുടെ പിന്നാലെ പോകാന്‍ സര്‍ക്കാരിന് സമയമില്ല. വിവാദങ്ങള്‍ ഒരു ഭാഗത്ത് നടക്കും. വിവാദങ്ങളൊന്നും തന്നെ ഭരണത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

പൊലീസിന്റെ കേസ് അന്വേഷണങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല. എന്നാല്‍, അന്വേഷണത്തിന് വേഗം പോരാ എന്നു തോന്നിയാല്‍ അത് തുറന്ന് പറയും. രാഷ്ട്രീയമായ കാര്യങ്ങള്‍ നടപ്പാക്കണമെന്ന് പൊലീസിനോട് പറയില്ലെന്നും അന്വേഷണം ഏത് വഴിക്ക് പോകണമെന്നും നിര്‍ദേശിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടതു സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതില്‍ ചിലര്‍ക്ക് പരിഭ്രാന്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചു. ഇടതു സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് വ്യക്തമായ ചട്ടങ്ങള്‍ പ്രകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ രീതിയില്‍ വ്യാപരിക്കുന്നവര്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍ത്താക്കളുണ്ടാവുമെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞെന്നും രാഷ്ട്രീയ ജീര്‍ണതയുടെ ശുദ്ധീകരണം കുറഞ്ഞകാലം കൊണ്ടു നടന്നുയെന്നും പിണറായി ചുണ്ടിക്കാട്ടി.

2011-16 കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ പൊതുവായ തകര്‍ച്ചയ്ക്കിടയാക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. നിയമങ്ങളും ചട്ടങ്ങളും ബാധകമാകാത്ത വിധമായിരുന്നു ഭരണം. കേരളത്തിന്റെ പൊതുവ്യവസ്ഥകളെ തകര്‍ക്കുന്ന നിലയിലായിരുന്നു അത്. അത്യന്തം ജീര്‍ണമായ രാഷ്ട്രീയ സംസ്‌ക്കാരം ഉയര്‍ന്നുവന്നു.

ആരോഗ്യവത്തായ ഒരു രാഷ്ട്രീയസംസ്‌കാരം പകരംവെക്കാന്‍ ഒരുവര്‍ഷം കൊണ്ട് എല്‍ഡിഎഫ് സറക്കാരിന് കഴിഞ്ഞു. അധികാരവും അഴിമതിയും അനാശ്യതയും കൂടിക്കുഴഞ്ഞ അത്യന്തം ഹിനമായ അവസ്ഥയായിരുന്നു മുമ്പ്. അതില്‍ വ്യാപരിച്ചവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞതുമാണ്. അവയെല്ലാം തുറന്നു കാട്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴും അധികാരത്തില്‍ വല്ലാത്തൊരു ആര്‍ത്തിയോടെ അള്ളിപ്പിടിച്ചിരിക്കുന്നതായാണ് കണ്ടത്. ആ ദുരവസ്ഥയ്ക്ക് അറുതിവരുത്താന്‍ കഴിഞ്ഞു.

1957ഉം 2017ഉം തമ്മില്‍ ചില സാദൃശ്യമുണ്ട്. 1957ല്‍ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പലരും ആവേശത്തിലായി. ചിലര്‍ പരിഭ്രാന്തിയിലുമായി. ഒരു പ്രത്യേക സാമൂഹ്യസാമ്പത്തിക ഭരണഘടനാ വ്യവസ്ഥയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് എങ്ങനെ ഭരിക്കും എന്നതിന് ഉത്തരം കണ്ടെത്തുകയായിരുന്നു 1957ല്‍. ഇന്ന് ആഗോളവല്‍ക്കരണത്തിന്റെയും അത്യന്ത്യ ഭീതിതമായ വര്‍ഗീയാന്തരീക്ഷത്തിന്റെയും നടുവില്‍നിന്ന് സമാധാനം നിലനിര്‍ത്തിക്കൊണ്ടുള്ള വികസനം എങ്ങനെ സാധ്യമാകും എന്നതിനാണ് ശ്രമിക്കുന്നത്.

നവകേരളം പടുത്തുയര്‍ത്താനുള്ള അടിത്തറ ഉയര്‍ത്താനായി നാലു മിഷനുകളിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമം തുടരുന്നു. 57ല്‍ തുടക്കമിട്ട കാര്യങ്ങളാണിത്. ആഗോളവല്‍ക്കരണത്തിന്റെയും സ്വകാരല്‍വല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും സന്ദര്‍ഭത്തില്‍ എത്തരത്തില്‍ ഒരു ബദല്‍ മുന്നോട്ടുവെക്കുമെന്നാണ് പരിശ്രമിക്കുന്നത്. ചില തുടക്കങ്ങള്‍ക്ക് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

പരമ്പരാഗത വ്യവസായ മേഖലയില്‍ വലിയ മാറ്റം വന്നു. ഏറ്റവും പ്രധാനമായ കയര്‍മേഖലയില്‍ ഇനി രക്ഷപ്പെടാനാവില്ലെന്ന ചിന്തയിലായിരുന്നു തൊഴിലാളികള്‍ക്ക്. 2017ല്‍ അവര്‍ക്ക് പ്രത്യാശ പകരാനായി. തകരില്ല. രക്ഷപ്പെടും. പിടിച്ചുനില്‍ക്കാനാകും എന്ന തോന്നലിലാണ് ആ രംഗം ഇന്ന്. ആധുനികവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കി കയര്‍ മേഖലയുടെ പഴയ മേന്മ തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇതേ നിലയിലാണ് കശുവണ്ടിയുടെയും അവസ്ഥ. 2016വരെ അവിശടയും രക്ഷയില്ലെന്ന തോന്നലായിരുന്നു. എന്നാല്‍ കാപ്പക്‌സും കോര്‍പ്പറേഷനും വഴി 18,000 തൊഴിലാളികള്‍ക്ക് തൊഴില്‍ കിട്ടി. തൊഴില്‍ സംരക്ഷിക്കുന്ന നടപടികളും സ്വീകരിച്ചു. തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ആശങ്കയില്ല. ആത്മാഭിമാനത്തിലാണവര്‍.

കൈത്തറിമേഖലയില്‍ വലിയ തോതില്‍ ആശ്വാസമുണ്ടാക്കി. 8000 തൊഴിലാളികള്‍ക്ക് തൊഴിലുറപ്പു നല്‍കുന്ന സംവിധാനം സര്‍ക്കാര്‍ ഉറപ്പാക്കി. സ്‌കൂള്‍ യൂണിഫോറം കൈത്തറിയിലൂടെ നല്‍കയാണ്. അടുത്തവര്‍ഷം യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കുകൂടി നല്‍കാന്‍ കഴിയണം എന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഇത് കൂടുതല്‍ പേരുടെ തൊഴില്‍ ഉറപ്പാക്കും. രണ്ടുലക്ഷം തൊഴില്‍ദിനങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. മത്സ്യ മേഖലയിലും സമാനമായ സമീപനം സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍

ദേശീയപാതാ വികസനം കേരളത്തില്‍ നടപ്പില്ല എന്നു കരുതിയിരുന്ന കാലമായിരുന്നു 2016 വരെ. ഭൂമിയെടുക്കാനാവില്ലെന്ന് കരുതിയിരുന്നു. ഭൂമിയെടുക്കാനാകും എന്ന് ഇപ്പോള്‍ തെളിയുന്നു. ഒരു കൊല്ലംകൊണ്ട് മാറ്റമുണ്ട്. പഴയ എതിര്‍പ്പ് ഇന്നില്ല. സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യം എന്ന നിലയില്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉണ്ടായി എന്നതാണ് മാറ്റം.

എല്‍എന്‍ജി പദ്ധതി നടപ്പാക്കാന്‍ ഒന്നും ചെയ്യാന്‍ നമുക്ക് കഴിഞ്ഞിരുന്നില്ല. യാഥാര്‍ഥ്യമാക്കാനാകില്ല എന്നതായിരുന്നു പൊതുചിന്ത. പോലും ഉണ്ടായി. ഇപ്പോള്‍ സ്ഥിതി മാറി. വളരെകുറച്ച ഭൂമിയെ ഇനി എടുക്കാനുള്ളു എന്ന നിലയിലായി. പദ്ധതി സമയബന്ധിതമായി തീരും എന്ന് ഗെയില്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. നടപ്പാക്കണം എന്ന സര്‍ക്കാരിന്റെ ഇഛാശക്തിയാണ് ഇക്കാര്യത്തിലും പ്രകടമായത്.

കൂടംകുളത്തുനിന്നുള്ള വൈദ്യുതി ലൈനിന്റെ കാര്യത്തിലും യാഥാര്‍ഥ്യമാക്കാമെന്ന സ്ഥിതി ഇപ്പോള്‍ ഉണ്ടാകുന്നു. ഇത്തരം കാര്യങ്ങളില്‍ ചെറിയ നഷ്ടങ്ങള്‍ക്കല്ല സമൂഹത്തിനാകെയുണ്ടാകുന്ന ഗുണത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. എന്നാല്‍ നഷ്ടം വരുന്നവര്‍ എന്തെങ്കിലും ആയിക്കോട്ടെ എന്ന സമീപനമില്ല. അവര്‍ക്കൊപ്പം നിന്ന് സര്‍ക്കാര്‍ അവരെ സഹായിക്കും.

തീരദേശ ഹൈവേയ്ക്ക് 6500 കോടി രൂപ ചെലവിടാന്‍ ഉദ്ദേശിക്കുന്നു. 3500 കോടി രൂപയുടെ മലയോര ഹൈവേയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. റെയില്‍ കേരള എന്ന പേരില്‍ റയില്‍ കമ്പനി രൂപീകരിച്ച് റെയില്‍വേ രംഗം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു. സിവില്‍ ഏവിയേഷന്‍ രംഗത്ത് സംയുക്തയോഗം വിളിച്ച് നടപടികള്‍ സ്വീകരിച്ചു. വിമാനടിക്കറ്റ് നിരക്ക് കുറക്കാന്‍ കമ്പനികള്‍ തയ്യാറാകുന്ന സ്ഥിതി വന്നു.

കിഫ്ബിയുടെ തുടക്കം അതിപ്രധാനമായ മറ്റൊരു കാര്യമാണ്. സാമ്പത്തികപരിമിതി സര്‍ക്കാരിന് വികസന കുതിച്ചുചാട്ടത്തിന് തടസമാകുന്നു. ഈ വിഭവസമാഹരണത്തിനുള്ള ശ്രമമാണ് കിഫ്ബിയിലൂടെ നടത്തുന്നത്. ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ശ്രദ്ധേയരായവര്‍ മേല്‍നോട്ടം വഹിക്കുന്ന സംവിധാനമാണിത്.

ക്ഷേമപ്രവര്‍ത്തനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വന്‍വീഴ്ച വരുത്തി. ക്ഷേമ പെന്‍ഷനുകള്‍ ഇനി കിട്ടില്ലെന്ന് ജനങ്ങള്‍ കരുതി. എന്നാല്‍ ക്ഷേമപെന്‍ഷന്‍ കുടിശിക സഹകരണ ബാങ്കുകള്‍വഴി എല്‍ഡിഎഫ് സര്‍ക്കാര്‍ വീടുകളിലെത്തിച്ചു. 2017 മാര്‍ച്ച് 31 വരെ 5000 കോടി രൂപ 48.5 ലക്ഷം പേര്‍ക്ക് എത്തിച്ചു എന്നു കാണാം. ചിലരുടെ കാര്യത്തിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദാലത്ത് നടത്തുന്നു.

600 രൂപയായിരുന്ന പെന്‍ഷനുകള്‍ 1000 രൂപയാക്കി. ലൈബ്രേറിയന്‍ നഴ്‌സറി ടീച്ചര്‍ തുടങ്ങിയവരുടെ ഓണറേറിയം 2050 രൂപയായിരുന്നു. അതും വര്‍ധിപ്പിച്ചു. 12,000 രൂപയായാണ് വര്‍ധിപ്പിച്ചത്. 14000 രൂപയായിരുന്നു ആയമാര്‍ക്ക് അത് 8000 രൂപയാക്കി. ഇത്തരം ജനവിഭാഗങ്ങളോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഇതെല്ലാം. ഈ രൂപത്തില്‍ ആഗോളവല്‍ക്കരണത്തിന് ബദല്‍ മുന്നോട്ടുവെക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here