ഹരി സ്വാമിയുമായുള്ള ബന്ധം തള്ളാതെ കുമ്മനം; എല്ലാ സ്വാമിമാരുമായും ബന്ധമുണ്ട്; സ്വാമിക്ക് ബിജെപിയുമായോ എന്‍ഡിഎയുമായോ നേരിട്ട് ബന്ധമില്ലെന്നും വിശദീകരണം

തിരുവനന്തപുരം: നിയമവിദ്യാര്‍ഥിനിയെ മൂന്നു വര്‍ഷത്തോളം പീഡിപ്പിച്ച ശ്രീഹരി സ്വാമിയുമായുള്ള ബന്ധം തള്ളാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തനിക്ക് എല്ലാ സ്വാമിമാരുമായും ബന്ധമുണ്ടെന്ന് കുമ്മനം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഹരി സ്വാമിക്ക് ബിജെപിയുമായോ, എന്‍ഡിഎയുമായോ നേരിട്ട് ബന്ധമില്ലെന്നും മറ്റു സംഘ്പരിവാര്‍ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് അവര്‍ വ്യക്തമാക്കട്ടേയെന്നും കുമ്മനം പറഞ്ഞു. പീഡനക്കേസില്‍ ഹരി സ്വാമിക്കെതിരായ അന്വേഷണം നടക്കട്ടെയെന്നും കുമ്മനം പറഞ്ഞു.

കുമ്മനവും ഹരി സ്വാമിയും തമ്മിലുള്ള അടുത്തബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ നേരത്തെ പീപ്പിള്‍ ടിവി പുറത്തുവിട്ടിരുന്നു. കുമ്മനത്തിനൊപ്പം ഹരിസ്വാമി വിവിധ പരിപാടികളിലും സമരമുഖങ്ങളിലും പങ്കെടുക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്.

2010ല്‍ 120 ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രമത്തിനെതിരെ, കുമ്മനത്തിനൊപ്പം അന്നത്തെ മുഖ്യമന്ത്രി വിഎസ്് അച്യുതാനന്ദനെ സന്ദര്‍ശിച്ച സംഘത്തില്‍ ഹരി സ്വാമിയുമുണ്ടായിരുന്നു. അന്ന് ഹിന്ദു ഐക്യവേദി നേതാവായിരുന്നു കുമ്മനം രാജശേഖരന്‍. വര്‍ക്കലയിലെ സ്വാമി വിമലാനന്ദ, നെട്ടയത്തെ സ്വാമി വിദ്യാനന്ദഗിരി, ചേങ്കോട്ടുകോണത്തെ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം എന്നിവരും ഈ സംഘത്തിലുണ്ടായിരുന്നു.

മാത്രമല്ല, 2013 ഓഗസ്റ്റില്‍ നടന്ന ചടമ്പി സ്വാമി പ്രതിമ രഥ യാത്രക്ക് ആറന്‍മുളയില്‍ നല്‍കിയ സ്വീകരണത്തിലും കുമ്മനത്തിനൊപ്പം ഹരി സ്വാമിയുണ്ടായിരുന്നു. കണ്ണംമൂലയില്‍ നിന്നും എഴുമറ്റൂരിലേക്ക് പ്രയാണം നടത്തിയ രഥ യാത്രക്ക് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്‍പില്‍ നല്‍കിയ സ്വീകരണത്തിലാണ് ഇരുവരും പങ്കെടുത്തത്.

2013ല്‍ ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി സംഘടിപ്പിച്ച സന്യാസ ശ്രേഷ്ഠന്‍മാരുടെ ഉന്നത നേതൃസമ്മേളനത്തിന്റെ കണ്‍വീനറും ഹരിസ്വാമിയായിരുന്നു. ആറന്മുള പൈതൃക ഗ്രാമ കര്‍മസമിതി മുഖ്യ രക്ഷാധികാരിയായിരുന്നു അന്ന് കുമ്മനം രാജശേഖരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here