ജി എസ് ടിയില്‍ ആശങ്കയെന്ന് ധനമന്ത്രി; സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കും; നേട്ടം കോര്‍പറേറ്റുകള്‍ക്ക് മാത്രമെന്നും ഐസക്

ജിഎസ്ടിയിലെ ആശങ്കകള്‍ എണ്ണിയെണ്ണി പറഞ്ഞാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയത്. ജി എസ് ടി കൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടാകുക കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമായിരിക്കുമെന്ന് ഐസക് ചൂണ്ടികാട്ടി. സംസ്ഥാനത്തിന്റെ വരുമാനത്തെ ഗണ്യമായി കുറയ്ക്കുന്നതാണ് ജി എസ് ടി എന്നും അദ്ദേഹം പറഞ്ഞു.
ജി എസ് ടി നടപ്പിലാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകവെ ആശങ്കയാണ് മുഴച്ചുനില്‍ക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വരുമാനം കുറയും. നിലവിലുള്ളതിനേക്കാള്‍ താഴ്ന്ന നിരക്കാണ് ജിഎസ്ടി നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടികാട്ടി. എല്ലാ ഉത്പന്നങ്ങളുടേയും നിലവിലെ നിരക്കുകള്‍ പരസ്യപ്പെടുത്തണമെന്നും ഐസക് ആവശ്യപ്പെട്ടു.

ജിഎസ്ടി വരുന്നതോടെ നികുതി വെട്ടിപ്പ് കുറയുമെന്ന ഗുണമുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. പക്ഷെ ജിഎസ്ടിയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ തയ്യാറെടുപ്പുകള്‍ അപര്യാപ്തമാണ്.

ശ്രീനഗറില്‍ രണ്ടു ദിവസമായി നടന്ന ചരക്കു സേവന നികുതി കൗണ്‍സില്‍ യോഗം ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. വിദ്യാഭ്യാസ, ആരോഗ്യമേഖലകളെ പൂര്‍ണമായും നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ ജിഎസ്ടി യോഗം തീരുമാനിച്ചു. ഉപഭോക്തൃ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നാലു തരം നികുതി ഘടനയാണ് യോഗം അംഗീകരിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here