ജനനേന്ദ്രിയം മുറിച്ചത് സ്വാമി കൊണ്ടുവന്ന കത്തി പിടിച്ച് വാങ്ങി; മാതാപിതാക്കളോട് പറഞ്ഞിട്ട് കാര്യമില്ല; പെണ്‍കുട്ടി മൊഴി നല്‍കി; സ്വാമി അറസ്റ്റില്‍

തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഹരിസ്വാമിയുടെ ജനനേന്ദ്രിയം കത്തികൊണ്ട് പെണ്‍കുട്ടി മുറിച്ച സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കാനുപയോഗിച്ച കത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനായി സ്വാമി തന്നെ കൊണ്ടുവന്നതായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാനായിരുന്നു സ്വാമിയുടെ ശ്രമമെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. തന്നെ വലിച്ചിഴച്ച് മുറിക്കകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഗത്യന്തരമില്ലാതെയാണ് കത്തി പിടിച്ചുവാങ്ങി സ്വാമിക്ക് നേരെ പ്രയോഗിച്ചതെന്നും പെണ്‍കുട്ടി വിശദീകരിച്ചു. മാതാപിതാക്കളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാമായിരുന്നെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

അതിനിടെ ബലാത്സംഗകുറ്റം ചുമത്തി സ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. പേട്ട സി ഐയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബലാത്സംഗം, പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചികിത്സ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിവാദ സ്വാമിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായിരുന്നു 54കാരനായ ശ്രീഹരി എന്ന ഹരി സ്വാമിയുടെ ജനനേന്ദ്രിയം പീഡനശ്രമത്തിനിടെ ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടി മുറിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ഹരി സ്വാമി. പൂജകള്‍ക്കെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചു.

ഇത് മുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മൂന്ന് വര്‍ഷമായി ഇയാള്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്നാണ് ഇത്രയും നാള്‍ വിവരങ്ങള്‍ പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതിനെല്ലാം ഒത്താശ നല്‍കിയിരുന്നത് മാതാവാണെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News