തിരുവനന്തപുരം : ഇടുക്കിയില്‍ സര്‍ക്കാര്‍ ഇന്ന് വിതരണം ചെയ്യുന്ന പട്ടയങ്ങള്‍ ഉപാധിരഹിത പട്ടയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയില്‍ സര്‍ക്കാര്‍ നല്‍കുന്ന പട്ടയങ്ങള്‍ സോപാധികമാണെന്ന വിമര്‍ശനങ്ങള്‍ കാലാകാലങ്ങളില്‍ വ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൊത്തം 5500ഓളം പട്ടയമാണ് ഞായറാഴ്ച ഇടുക്കിയില്‍ വിതരണം ചെയ്യുന്നത്. ഇതില്‍ 3500 പട്ടയങ്ങളും 1993ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം 1977 ജനുവരി 1നു മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്കാണ് നല്‍കുന്നത്. കേന്ദ്രാനുമതിയോടെ നല്‍കുന്ന ഈ പട്ടയങ്ങള്‍ ഉപാധിരഹിതമാണെന്നും മുഖ്യമന്ത്രി ഓഫീസ് പത്രക്കുറിപ്പില്‍ പറഞ്ഞു.
ഉപാധികള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത് 1964ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം നല്‍കുന്ന പട്ടയങ്ങള്‍ക്കാണ്. പതിച്ചു നല്‍കാമെന്ന് കണ്ടെത്തിയ റവന്യൂ ഭൂമിയിലെ കൈവശക്കാര്‍ക്കും ചട്ടത്തില്‍ പറയുന്ന അര്‍ഹത ഉറപ്പാക്കിയിട്ടുള്ള ഭൂരഹിതര്‍ക്കുമാണ് 1964 ലെ ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിച്ചു നല്‍കുന്നത്. കൃഷിക്ക് ഒരു ഏക്കറും ഭവന നിര്‍മ്മാണത്തിന് 15 സെന്റുമാണ് ഇത്തരത്തില്‍ പതിച്ചുനല്‍കാന്‍ കഴിയുക.
ഇങ്ങനെ പട്ടയം കിട്ടുന്നവര്‍ക്ക് ഭൂമി കൈമാറാന്‍ 25 വര്‍ഷം കഴിഞ്ഞേ സാധ്യമാകുമായിരുന്നുള്ളു. ഇത് 12 വര്‍ഷമായി റവന്യൂ വകുപ്പ് കുറച്ചിട്ടുണ്ട്. അതോടൊപ്പം, ഭൂമി പണയപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ഇളവ് ചെയ്തിട്ടുമുണ്ട്. വീട് വെയ്ക്കാനോ കൃഷി ആവശ്യത്തിനോ ഭൂമി അഭിവൃദ്ധിപ്പെടുത്തുന്നതിനോ സര്‍ക്കാരിനോ ധനകാര്യ സ്ഥാപനത്തിനോ പണയം വയ്ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഇതുകൂടാതെ 1986ലെ വൃക്ഷസംരക്ഷണ നിയമത്തിന്റെ 22-ാം സെക്ഷനനുസരിച്ച് ഏതു മരം മുറിക്കാനും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധനയില്‍ ഇളവ് വരുത്തുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ലഭ്യമാകുന്ന ഇളവ് 2017 മെയ് 21ന് നല്‍കുന്ന പട്ടയങ്ങള്‍ക്ക് കൂടി ബാധകമാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.