അമേരിക്കയും സൗദിയും 11,000 കോടി ഡോളറിന്റെ സൈനിക സഹകരണ കരാറില്‍ ഒപ്പുവച്ചു; ലോകസുരക്ഷയും സ്ഥിരതയും ശക്തമാക്കാന്‍ ട്രംപിന്റെ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് സല്‍മാന്‍ രാജാവ്

റിയാദ്: അമേരിക്കയും സൗദി അറേബ്യയും തമ്മില്‍ 11,000 കോടി ഡോളറിന്റെ സൈനിക സഹകരണ കരാറില്‍ ഒപ്പുവച്ചു. സൗദിയിലെത്തിയ ഡൊണാള്‍ഡ് ട്രംപും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമാണ് കരാറില്‍ ഒപ്പു വച്ചത്. പത്തു വര്‍ഷത്തേക്ക് 35,000 കോടി ഡോളറിന്റെ മറ്റൊരു കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

ലോകസുരക്ഷയും സ്ഥിരതയും ശക്തമാക്കാന്‍ ട്രംപിന്റെ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് സല്‍മാന്‍ രാജാവ് അഭിപ്രായപ്പെട്ടു. സൗദിയും യുഎസും തമ്മിലുള്ള സുരക്ഷാ, സാമ്പത്തിക സഹകരണം ഊര്‍ജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനാണ് സൗദിയുമായി സൈനിക സഹകരണത്തില്‍ ഏര്‍പ്പെടുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യമനിലെ ഹൂതി വിമതരും സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഭീഷണിയാണ്. ഗള്‍ഫ് മേഖലയിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളെ സഹായിക്കുന്നതായിരിക്കും കരാറെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, ട്രംപും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കുന്ന ചരിത്ര പ്രധാന ഉച്ചകോടിക്കും റിയാദ് വേദിയാകും. ‘ഒന്നിക്കാം, വിജയിക്കാം’ എന്ന സന്ദേശമുയര്‍ത്തി സൗദി അറേബ്യ- അമേരിക്ക, ഗള്‍ഫ് സഹകരണ കൗണ്‍സില്‍- അമേരിക്ക, അറബ് ഇസ്ലാമിക് -അമേരിക്ക എന്നിങ്ങനെ മൂന്ന് ഉച്ചകോടികളാണ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here