മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടന് ഇന്ന് 57ാം പിറന്നാള്‍. 1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനായെത്തിയ ആ ഇരുപതുകാരന്‍ ഇന്ന് അഭ്രപാളിയില്‍ മലയാള സിനിമയെ 150 കോടി ക്ലബ്ബിലെത്തിച്ച് തലയുയര്‍ത്തി നില്‍ക്കുന്നു. നായകനായും വില്ലനായും ഹാസ്യതാരമായും വെളളിത്തിരയില്‍ പകര്‍ന്നാടിയപ്പോള്‍, തൊട്ടതെല്ലാം പൊന്നാക്കി മാറ്റി ഈ അതുല്യ നടന്‍.
മലയാള സിനിമയുടെ സുവര്‍ണ്ണ കാലമായി വിശേഷിപ്പിക്കുന്ന 1980, 90കളില്‍ മനുഷ്യജീവിതത്തിലെ എല്ലാ വേഷപ്പകര്‍ച്ചകളും തന്മയത്തോടെ കുടുംബ പ്രേക്ഷകരിലെത്തിച്ച് സ്വന്തം ലാലേട്ടനായി മാറി. തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമനും നാടോടിക്കാറ്റിലെ ദാസനും കിരീടത്തിലെ സേതുമാധവവും ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠനും സ്ഫടികത്തിലെ ആടുതോമയുമെല്ലാം ലാലിനെ പകരം വയ്ക്കാനാവാത്ത നടനാക്കി മാറ്റി.
ജനതാ ഗാരേജിലൂടെ തെലുങ്ക് സിനിമയിലും സൂപ്പര്‍ സ്റ്റാറായി മാറിയ ലാലേട്ടന്‍ ഇന്ന് മലയാളികള്‍ക്ക് മാത്രമല്ല, തമിഴ്, ഹിന്ദി, കന്നഡ ആരാധകരുടെയും താരരാജാവാണ്. പത്മശ്രീ പുരസ്‌കാരങ്ങള്‍ക്ക് പുറമെ, ആദ്യമായി ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നേടിയ മഹാനടനും മോഹന്‍ലാല്‍ തന്നെ.
പുറത്തിറങ്ങാനിരിക്കുന്ന വില്ലനിലെ മറ്റൊരു വേഷപ്പകര്‍ച്ചക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. 1000 കോടി ബിഗ് ബജറ്റില്‍ എംടിയുടെ രണ്ടാംമൂഴം ദൃശ്യസാക്ഷാത്ക്കാരമാകുമ്പോള്‍ ഭീമന്‍ പുരാണകഥാപാത്രവും ലാലേട്ടന്‍ തന്നെ. സിനിമ മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ ലാലേട്ടന്റെ ഒരു ജന്മദിനം കൂടി കടന്നുപോകുമ്പോള്‍, ഓരോ മലയാളിക്കും അത് ആഘോഷം തന്നെയാണ്. 57ന്റെ നിറവിലും യുവാക്കളുടെ ഹീറോ ആയി മാറിയ ലാലേട്ടന് പിറന്നാള്‍ ആശംസകള്‍.
-
വീണ്ടും നരസിംഹവും സ്ഫടികവും
ആഘോഷങ്ങളുടെ ഭാഗമായി മോഹന്‍ലാലിന്റെ മൂന്നു ചിത്രങ്ങള്‍ ഇന്ന് വീണ്ടും തിയേറ്ററുകളിലെത്തിക്കും. നരസിംഹം, സ്ഫടികം, ഛോട്ടാമുംബൈ എന്നിവയാണ് ഞായറാഴ്ച വിവിധ സ്‌ക്രീനിലെത്തുന്നത്.
ആലപ്പുഴ റെയ്ബാന്‍ സിനിഹൗസ്, മൂവാറ്റുപുഴ ലത, പൊന്‍കുന്നം ഫോക്കസ്, മണ്ണാര്‍ക്കാട് തുടങ്ങി എട്ടു കേന്ദ്രങ്ങളില്‍ സ്ഫടികവും ഞാറയ്ക്കല്‍ മജെസ്റ്റിക്, എടപ്പാള്‍ ഗോവിന്ദ, പെരുമ്പാവൂര്‍ നരസിംഹം, ചങ്ങനാശ്ശേരി അപ്‌സര, ഇരിങ്ങാലക്കുട സിന്ധു തുടങ്ങിയ തീയേറ്ററുകളില്‍ നരസിംഹവും അടൂരിലെ തീയേറ്ററില്‍ ഛോട്ടാമുംബൈയും ഇന്ന് പ്രദര്‍ശിപ്പിക്കും.
മാവേലിക്കര പ്രതിഭയില്‍ പുലിമുരുകനും ഞായറാഴ്ച പ്രദര്‍ശിപ്പിക്കും. കൂടാതെ ആന്ധ്രയില്‍ അമല്‍ നീരദ് ചിത്രം സാഗര്‍ ഏലിയാസ് ജാക്കി പ്രദര്‍ശനത്തിനെത്തിക്കുമെന്നും വാര്‍ത്തയുണ്ട്.
Get real time update about this post categories directly on your device, subscribe now.