‘ആ ധൈര്യത്തിന് ബിഗ് സല്യൂട്ട്; എല്ലാ സ്ത്രീകളും ധൈര്യമായിരിക്കുക’; രമ്യാ നമ്പീശന് പറയാനുള്ളത്

ലൈംഗികതിക്രമം തടയാന്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത പെണ്‍കുട്ടിയെ അഭിനന്ദിച്ച് നടി രമ്യാ നമ്പീശന്‍.
പീഡനശ്രമം ചെറുക്കാന്‍ ധൈര്യം കാട്ടിയ ആ പെണ്‍കുട്ടിക്ക് ബിഗ്‌സല്യൂട്ട് നല്‍കുന്നെന്ന് രമ്യ പറഞ്ഞു. ആ പെണ്‍കുട്ടിയുടെ ധൈര്യത്തെ ബഹുമാനിക്കുന്നു. തനിക്കെതിരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തതിന് ആ കുട്ടിയെ അഭിനന്ദിക്കുകയാണെന്നും രമ്യ പറഞ്ഞു.

‘ഒരു സംഭവം മാത്രമല്ല. പല സംഭവങ്ങള്‍ ആണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ആ കുട്ടിക്ക് ഏതു നിലയിലാണ് അങ്ങനെ ഒരു ചെറുത്തുനില്‍ക്കേണ്ടി വന്നിരിക്കുക. ഒരു സ്ത്രീയുടെയും അനുവാദമില്ലാതെ ശരീരത്തില്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലേ. എന്തായാലും ആ കുട്ടി പ്രതികരിച്ചു. ആ ധൈര്യത്തിന് ബിഗ് സല്യൂട്ട്. എല്ലാ സ്ത്രീകളും ധൈര്യമായിരിക്കുക. എന്തെങ്കിലും പ്രതിരോധ മുറകള്‍ പഠിക്കേണ്ടിവരുന്ന അവസ്ഥയാണ്.’- രമ്യാ നമ്പീശന്‍ പറയുന്നു.

കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായിരുന്നു 54കാരനായ ശ്രീഹരി എന്ന ഹരി സ്വാമിയുടെ ജനനേന്ദ്രിയമാണ് പീഡനശ്രമത്തിനിടെ പെണ്‍കുട്ടി മുറിച്ചത്. പെണ്‍കുട്ടിയെ കഴിഞ്ഞ അഞ്ചു വര്‍ഷമായി പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ഹരി സ്വാമി. പൂജകള്‍ക്കെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചു. ഇത് മുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മൂന്ന് വര്‍ഷമായി ഇയാള്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പൊലീസിന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്നാണ് ഇത്രയും നാള്‍ വിവരങ്ങള്‍ പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.

അതേസമയം, കേസില്‍ ഇന്ന് പൊലീസ് കൂടുതല്‍ പേരുടെ മൊഴിയെടുക്കും. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഹരിസ്വാമിയുടെ വിശദമായ മൊഴി നാളെ രേഖപെടുത്തും. പെണ്‍കുട്ടിയുടെ രഹസ്യമൊഴി വനിതാ മജിസ്‌ട്രേറ്റ് എടുത്തതിന് പിന്നാലെയാണ് കൂടുതല്‍ പേരുടെ മൊഴി എടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. അന്വേഷണം സിറ്റി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here