
തിരുവനന്തപുരം: ലൈംഗികതിക്രമം തടയാന്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ തിരുവനന്തപുരം എംപി ശശി തരൂര്‍. നിയമം കൈയിലെടുക്കുന്നതിന് പകരം ആ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് തരൂര്‍ പറഞ്ഞു.
‘എല്ലാവരെയും പോലെ എനിക്കും ആ കുട്ടിയോട് സഹതാപമുണ്ട്. പക്ഷേ നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമല്ലേ നമ്മുക്ക് വേണ്ടത്. ഓരോ മനുഷ്യരും കത്തിയുമായി നീതി നടപ്പാക്കാനിറങ്ങുന്നത് ഒരു നല്ല പ്രവണതയാണോ?’- തരൂര്‍ ചോദിക്കുന്നു.
വെള്ളിയാഴ്ച്ച രാത്രിയാണ് തിരുവനന്തപുരം പേട്ടയില്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. എട്ടു വര്‍ഷമായി തന്നെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച സ്വാമിയുടെ ജനനേന്ദ്രിയമാണ് പെണ്‍കുട്ടി മുറിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. പെണ്‍കുട്ടിയുടെ ധീരതയെ അഭിനന്ദിച്ച് ലോകമാധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്ത കൃത്യമായാണ് പൊലീസും സംഭവത്തെ വിലയിരുത്തിയത്. ഇതിനിടയാണ് തരൂരിന്റെ പ്രതികരണം.
കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായിരുന്നു 54കാരനായ ശ്രീഹരി എന്ന ഹരി സ്വാമിയുടെ ജനനേന്ദ്രിയമാണ് പീഡനശ്രമത്തിനിടെ പെണ്‍കുട്ടി മുറിച്ചത്. പെണ്‍കുട്ടിയെ കഴിഞ്ഞ അഞ്ചു വര്‍ഷമായി പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ഹരി സ്വാമി. പൂജകള്‍ക്കെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചു. ഇത് മുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മൂന്ന് വര്‍ഷമായി ഇയാള്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പൊലീസിന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്നാണ് ഇത്രയും നാള്‍ വിവരങ്ങള്‍ പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം, കേസില്‍ ഇന്ന് പൊലീസ് കൂടുതല്‍ പേരുടെ മൊഴിയെടുക്കും. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഹരിസ്വാമിയുടെ വിശദമായ മൊഴി നാളെ രേഖപെടുത്തും. പെണ്‍കുട്ടിയുടെ രഹസ്യമൊഴി വനിതാ മജിസ്‌ട്രേറ്റ് എടുത്തതിന് പിന്നാലെയാണ് കൂടുതല്‍ പേരുടെ മൊഴി എടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. അന്വേഷണം സിറ്റി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here