ഇടതുസര്‍ക്കാര്‍ മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; കുടിയേറ്റക്കാരെ സംരക്ഷിക്കും, കയ്യേറ്റക്കാരെ ഒഴിപ്പിക്കും; അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും രണ്ടു വര്‍ഷത്തിനുള്ളില്‍ പട്ടയം

ഇടുക്കി: മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരന് ക്ഷേമം എത്തിക്കാന്‍ നിയമ തടസങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനുമുന്നില്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കും. പട്ടയം ലഭിക്കാന്‍ അര്‍ഹതപ്പെട്ടവര്‍ ഇനിയുമുണ്ടെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. അത് പരിഹരിക്കുമെന്നുള്ള വാഗ്ദാനം ഒരുപാടുകേട്ടവരാണ് നിങ്ങള്‍. എന്നാല്‍ ഇത്തവണ രണ്ടു വര്‍ഷം കൊണ്ട് അര്‍ഹരായവര്‍ക്ക് പട്ടയം ലഭിക്കുമെന്ന് ഉറപ്പിക്കാമെന്നും മുഖ്യമന്ത്രി വാക്ക് നല്‍കി.

മൂന്നാറിന്റെ തനത് സ്വഭാവം സംരക്ഷിക്കേണ്ടതുണ്ട്. കുടിയേറ്റവും കയ്യേറ്റവും കുടിക്കലര്‍ന്ന് കിടക്കുന്ന സങ്കീര്‍ണ്ണ സാഹചര്യമാണവിടെ ഉള്ളത്. എന്നാല്‍ കയ്യേറ്റം വച്ചുപൊറുപ്പിക്കില്ല. കയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും ഒരേ കണ്ണു കൊണ്ട് കാണില്ലെന്നും അദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമി കൈയേറിയവര്‍ അത് തിരിച്ചു നല്‍കുന്നതാണ് നല്ലത്. തിരിച്ചു പിടിക്കാന്‍ വരുന്‌പോള്‍ പരാതി പറഞ്ഞിട്ടു കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കുന്നതിന് റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് മേല്‍നോട്ടം നല്‍കുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

5,490 പട്ടയമാണ് ഇടുക്കിയില്‍ വിതരണം ചെയ്തത്. മുരിക്കാശേരിയില്‍ 516, കട്ടപ്പനയില്‍ 1277, നെടുങ്കണ്ടത്ത് 1610, കരിമണ്ണൂരില്‍ 145, രാജകുമാരിയില്‍ 158, ഇടുക്കിയില്‍ 650, പീരുമേട്ടില്‍ 1039, തൊടുപുഴയില്‍ 48, സ്വപ്നഗ്രാമത്തില്‍ 19, ദേവികുളത്ത് എട്ട്, ദേവികുളം (എച്ച്ആര്‍ഡി) 20 എന്നീ പ്രകാരമാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News