സിനിമയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍…; പ്രണവിന് മോഹന്‍ലാലിന്റെ ഉപദേശം

ജീത്തു ജോസഫ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് പ്രണവ് മോഹന്‍ലാല്‍. എന്നാല്‍ സിനിമാ രംഗത്തേക്ക് കടന്നുവരണമെന്ന അഭിപ്രായം താന്‍ നേരത്തേ തന്നെ പ്രണവിനോട് പറഞ്ഞിരുന്നതായി മോഹന്‍ലാല്‍ വ്യക്തമാക്കി. വൈകിയിട്ടില്ലെങ്കിലും, അഭിനയരംഗത്തേക്ക് പ്രവേശിക്കുന്ന പ്രണവിനോട് മോഹന്‍ലാലിന് പറയാനുള്ള ഇത്രമാത്രം.

”സിനിമയില്‍ അഭിനയിക്കാനുള്ള മോഹം ഞാന്‍ എന്റെ അച്ഛനെ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, ആദ്യം ഡിഗ്രി എടുക്കാനാണ്. ഡിഗ്രി പൂര്‍ത്തിയാക്കിയശേഷമാണ് ഞാന്‍ സിനിമയില്‍ എത്തിയത്. എന്റെ മകന്‍ അപ്പു (പ്രണവ്)വിനോട് സിനിമയില്‍ അഭിനയിക്കാന്‍ പലരും പറഞ്ഞിരുന്നു. ഞാനും പറഞ്ഞതാണ്. സ്‌കൂളില്‍ ബെസ്റ്റ് ആക്ടറൊക്കെ ആയിരുന്നെങ്കിലും സിനിമാഭിനയത്തോട് അന്ന് അയാള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു.”

”പിന്നീട് രണ്ട് സിനിമയ്ക്ക് അസി. ഡയറക്ടറായി അവന്‍ വര്‍ക്ക് ചെയ്തു. ഒരു സിനിമ ഉണ്ടാക്കുന്നതെങ്ങനെ എന്ന പഠനമായിരുന്നു അത്. പിന്നീട് ഏതോ ഒരു നിമിഷത്തില്‍ അപ്പു സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു. മകനായാലും മകളായാലും എന്റെ ഇഷ്ടങ്ങളൊന്നും തന്നെ ഞാന്‍ അവരുടെമേല്‍ അടിച്ചേല്‍പ്പിക്കാറില്ല. അപ്പുവിന് ഇരുപത്താറ് വയസായി. അവന്റെ ഈ പ്രായത്തില്‍ ‘രാജാവിന്റെ മകന്‍’ പോലുള്ള വലിയ സിനിമകള്‍ ഞാന്‍ ചെയ്തുകഴിഞ്ഞിരുന്നു.”

”അപ്പുവിനുവേണ്ടി ഒന്നോ രണ്ടോ സിനിമകള്‍ക്ക് എന്നെക്കൊണ്ട് ഹെല്‍പ്പ് ചെയ്യാന്‍ പറ്റിയേക്കും. അല്ലാതെ ഒരു സെറ്റില്‍ പോകുമ്പോള്‍ ഇങ്ങനെ ചെയ്യണം, എങ്ങനെ അഭിനയിക്കണം എന്നൊന്നും പറഞ്ഞുകൊടുക്കാനാകില്ല. ഇത് ഒരു മെയ്ക്ക് ബിലീഫ് ആണ്. സ്വന്തമായൊരു ശൈലി അപ്പു ഉണ്ടാക്കിയെടുക്കണം.”

”നല്ല സിനിമകള്‍ കിട്ടണം. സിനിമകള്‍ നന്നായി വിജയിക്കണം. നന്നായി വരട്ടെ എന്ന് എന്റെ അച്ഛന്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ചപോലെ പ്രാര്‍ഥിക്കാനേ ഇപ്പോള്‍ കഴിയൂ. കാരണം, സിനിമയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ കഴിവുമാത്രം പോരാ ഭാഗ്യവും വേണം.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here