ചാരപ്പണിയില്‍ കേമന്മാരായ അമേരിക്കയ്ക്ക് ചൈനയില്‍ അടിതെറ്റി; തൂക്കിലേറ്റപ്പെട്ടത് ഇരുപതോളം ചാരന്മാരെന്ന് ന്യൂയോര്‍ക്ക് ടൈംസ്

വാഷിംഗ്ണ്‍ : ലോകത്തെവിടെയും നുഴഞ്ഞുകയറി രഹസ്യങ്ങള്‍ ചോര്‍ത്തുന്ന അമേരിക്കയ്ക്ക് ചൈനയില്‍ അടിതെറ്റി. ചൈനീസ് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ ചാരന്മാരെയാണ് ചൈന കൈകാര്യം ചെയ്തത്. ഇരുപതോളം ചാരന്‍മാരെ ചൈന വധിച്ചതായാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

പത്തുപേരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടത്. അമേരിക്കന്‍ രഹസ്യാനേഷണ വിഭാഗത്തില്‍ നിലവില്‍ ജോലിചെയ്യുന്നവരും വിരമിച്ചവരില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകള്‍ക്കിടെ ഈ മേഖലയില്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിതെന്നാണ് റിപ്പോര്‍ട്ട്.

സിഐഎ അധികൃതര്‍ ചാരന്‍മാരുമായി നടത്തിയ സംഭാഷണങ്ങള്‍ ചോര്‍ത്തിയാണ് യുഎസിന്റെ ‘പണി’ ചൈന പൊളിച്ചത്. എന്നാല്‍ സിഐഎയിലെ തന്നെ ഒരു വിഭാഗം ചതിച്ചതാകാമെന്ന് കരുതുന്നവരും യുഎസ് ഔദ്യോഗിക വൃത്തത്തില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചാരവൃത്തിയില്‍ ഏറ്റവും തിരിച്ചടി നേരിട്ട കാലമെന്നാണ് ഇതിനെ അമേരിക്കയും വിലയിരുത്തുന്നത്.

2010 അവസാനം മുതല്‍ 2012 വരെയുള്ള കാലയളവില്‍ മാത്രം ഒരു ഡസനോളം സിഐഎ ചാരന്മാരെയാണ് ചൈന വധശിക്ഷയ്ക്ക് വിധിച്ചത്. ചാരന്‍മാര്‍ക്ക് താക്കീത് എന്ന നിലയില്‍ ഇതിലൊരാളെ സഹപ്രവര്‍ത്തകരുടെ കണ്‍മുന്നില്‍ വെച്ച് വെടിവെച്ചുകൊന്നു. നിരവധിപേരെ ജയിലില്‍ അടയ്ക്കുകയും ചെയ്തു.

ചൈനയിലും റഷ്യയിലും ചാരപ്രവര്‍ത്തി നടത്താനുള്ള നീക്കങ്ങളില്‍ വേണ്ടത്ര വിജയിക്കാന്‍ അമേരിക്കയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്രയേറെ ചാരന്‍മാര്‍ കൊല്ലപ്പെട്ടത് ചൈനയിലെ അമേരിക്കയുടെ രഹസ്യാന്വേഷണ ശൃംഖലയില്‍ വലിയ വിള്ളലുണ്ടാക്കിയെന്നും ന്യൂയോര്‍ക് ടൈംസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here