കൊച്ചി : മലയാളത്തിന്റെ സൂപ്പര്‍ താരം ലാലേട്ടന് പിറന്നാള്‍ സമ്മാനമായി ഒരു ചലച്ചിത്രം. മോഹന്‍ലാല്‍ എന്ന പേരില്‍ത്തെന്നെയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. ഫേസ്ബുക് പോജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോഹന്‍ലാല്‍’.

‘സേതുവിന്റെ ചങ്കും ചങ്കിടിപ്പുമെല്ലാം മീനുവായിരുന്നു. എന്നാല്‍ മീനുവിന്റെ ചങ്കും ചങ്കിടിപ്പുമെല്ലാം..?’ എന്ന ചോദ്യത്തോടെയാണ് ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടത്. ചങ്കല്ല, ചങ്കിടിപ്പാണ് എന്നാണ് ഫസ്റ്റ് ലുക് പോസ്റ്ററിന് നല്‍കിയ ക്യാപ്ഷന്‍. ലാലേട്ടന്റെ ആരാധകരുടെ കഥ പറയുന്ന ചിത്രമാകും ഇത് എന്നാണ് സൂചന.

നായക കഥാപാത്രമായ സേതുവായി ഇന്ദ്രജിത് സുകുമാരനും നായികാ കഥാപാത്രമായ മീനുക്കുട്ടിയായി മഞ്ജു വാര്യരും എത്തുന്ന ചിത്രമാണിത്. ഇവര്‍ക്കൊപ്പം അജു വര്‍ഗീസ്, സൗബിന്‍ എന്നിവരും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കും. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സുനീഷ് വാരനാട് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.