ആയിരക്കണക്കിന് പേരുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമം; ഇടുക്കിയില്‍ ഉപാധിരഹിത പട്ടയം വിതരണം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇടുക്കി : ആയിരക്കണക്കിനാളുകളുടെ പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം. ഇടുക്കി ജില്ലയിലെ 5521 പേര്‍ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ പട്ടയം വിതരണം ചെയ്തു. കട്ടപ്പന സെന്റ് ജോര്‍ജജ് പാരിഷ്ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പട്ടയമേള ഉദ്ഘാടനം ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യില്‍ നിന്നും കോതപ്പാറയിലെ അമ്പാട്ടുവീട്ടില്‍ എംഡി ഗോപാലന്‍ ആണ് ആദ്യം പട്ടയം ഏറ്റുവാങ്ങിയത്. 20 വര്‍ഷം നീണ്ട സ്വപ്‌നത്തിന്റെ സാഫല്യമായാണ് ഗോപാലന് പട്ടയം ലഭിച്ചത്. ഗോപാലന്റെ 51 സെന്റ് സ്ഥലത്തിനാണ് സര്‍ക്കാര്‍ പട്ടയം നല്‍കിയത്.

പട്ടയം ഇല്ലാത്തതുകൊണ്ട് അനുഭവിക്കേണ്ടി വന്ന യാതനകള്‍ക്ക് അവസാനമായതിന്റെ സന്തോഷത്തിലാണ് ഗോപാലന്‍. ഇനി കൃഷി അല്‍പ്പം മെച്ചപ്പെടുത്തണമെന്ന് ഗോപാലന്‍ പറയുന്നു. കട്ടപ്പനയിലെ ഓലിക്കല്‍ വീട്ടില്‍ തങ്കമ്മ രാമകൃഷ്ണന് ഒന്‍പതര സെന്റ് സ്ഥലത്തിനാണ് പട്ടയം കിട്ടിയത്.

കല്‍ത്തൊട്ടിയിലെ തെക്കുങ്കല്‍ വീട്ടില്‍ തങ്കമ്മ തങ്കപ്പന് 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പട്ടയം ലഭിച്ചത്. 51 വയസ്സുള്ള തങ്കമ്മ പട്ടയരേഖകള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് പുതിയ സ്വപ്‌നങ്ങള്‍ നെയ്യുകയാണ്. ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്ക് പട്ടയഭൂമി പ്രയോജനപ്പെടുമെന്ന ആശ്വാസത്തിലാണ് ആയിരങ്ങള്‍ പട്ടയരേഖകള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങിയത്.

വിവിധ എല്‍എ ഓഫീസുകളില്‍പ്പെട്ട 5521 പട്ടയങ്ങള്‍ ഇന്ന് വിതരണം ചെയ്തു. മുരിക്കാശ്ശേരി 537, കട്ടപ്പന 904, നെടുങ്കണ്ടം 1562, കരിമണ്ണൂര്‍ 145, രാജകുമാരി 579, ഇടുക്കി 660, പീരുമേട് 1039, തൊടുപുഴ 48, ദേവികുളം 8 പട്ടയങ്ങളും സ്വപ്‌നഗ്രാമപദ്ധതി പ്രകാരം 19 പട്ടയങ്ങളും എച്ച്ആര്‍സിയില്‍ 200 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News