തിരുവനന്തപുരം : ഇടുക്കിയില്‍ നടത്തിയ പട്ടയ വിതരണം ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപാധിരഹിത പട്ടയങ്ങള്‍ നല്‍കുമെന്നാണ് പ്രചരിപ്പിച്ചതെങ്കിലും ഉപാധികളോടെയുള്ള പട്ടയങ്ങളാണ് നല്‍കിയത്. നേരത്തെ ഉണ്ടായിരുന്ന പത്ത് ഉപാധികള്‍ ഇന്ന് വിതരണം ചെയ്ത പട്ടയങ്ങളിലും അതേപടി ഉണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മൂന്നാം വകുപ്പില്‍ കൈമാറ്റം സംബന്ധിച്ചുള്ള ഭേദഗതി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്നതാണ്. പഴയ പട്ടയത്തില്‍ അതും ഉണ്ട്. യഥാര്‍ത്ഥത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കി വച്ചിരുന്ന പട്ടയങ്ങളാണ് ഇടതു സര്‍ക്കാര്‍ വിതരണം ചെയ്തത്. അതിനാണ് ഒരു വര്‍ഷത്തെ കാലതാമസമുണ്ടായത്. അത് തന്നെ പറഞ്ഞതിന്റെ പകുതി പോലും നല്‍കിയതുമില്ല.
1964ലെ ഭൂമിപതിവ് ചട്ടമനുസരിച്ച് പട്ടയം നല്‍മെന്നാണ് പ്രചരിപ്പിച്ചതെങ്കിലും ഒരു പട്ടയം പോലും അതനുസരിച്ച് നല്‍കിയില്ല. റൂള്‍ 93 അനുസരിച്ച് ഉപാധികളോടെയുള്ള പട്ടയങ്ങള്‍ തന്നെയാണ് നല്‍കിയത്. ഇടുക്കി അണക്കെട്ടിന്റെ പദ്ധതി പ്രദേശത്ത് പത്ത് ചെയിന്‍ മേഖലയില്‍ പട്ടം നല്‍കുമെന്ന് പറഞ്ഞെങ്കിലും ചെയ്തില്ല.
പെരിഞ്ഞാന്‍കുട്ടി, കൂത്തുംഗല്‍, അയ്യപ്പന്‍ കോവില്‍ മേഖലകളിലെ പട്ടം നല്‍കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ഉപാധിരഹിത പട്ടയമേള എന്ന പേരില്‍ തട്ടിപ്പാണ് നടത്തിതെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
Get real time update about this post categories directly on your device, subscribe now.