അഴിമതി ആരോപണത്തില്‍ ബിജെപിയില്‍ തമ്മിലടി; മുരളീധരന്‍ വിഭാഗത്തിനെതിരെ തെളിവുമായി ഔദ്യോഗികപക്ഷം; കേന്ദ്രനേതൃത്വത്തിന് പരാതി

തിരുവനന്തപുരം: പരസ്പരം അഴിമതി ആരോപണമുന്നയിച്ച് ബിജെപിയിലെ ഇരുവിഭാഗങ്ങളുടെ തമ്മിലടി. തൃശൂരില്‍ കളിമണ്ണ് ഖനനാനുമതിക്കായി മുരളീധരന്‍ പക്ഷ നേതാവ് കോഴവാങ്ങിയെന്നാരോപിച്ച് ഔദ്യോഗിക വിഭാഗം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. സ്വകാര്യ മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കുന്നതിനായി ഔദ്യോഗികപക്ഷനേതാവ് കോഴ വാങ്ങിയെന്ന് മുരളീധരന്‍ വിഭാഗം നേരത്തെ പരാതി നല്‍കിയിരുന്നു. നേതാക്കള്‍ ബിനാമി ഇടപാടുകള്‍ നടത്തുന്നതായി ഇരുപരാതികളിലും പറയുന്നു.

പ്രമുഖ നേതാക്കള്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളെ ചൊല്ലി ബിജെപി കേരളഘടകത്തില്‍ ചേരിപ്പോര് രൂക്ഷമാവുകയാണ്. വി.മുരളീധരന്‍ പക്ഷത്തെ പ്രമുഖനേതാക്കള്‍ തൃശ്ശൂരില്‍ കളിമണ്ണ് ഖനനത്തിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയതായാണ് ഔദ്യോഗികപക്ഷത്തിന്റെ ആരോപണം.

ഇത് സംബന്ധിച്ച തെളിവുകളടക്കം ഔദ്യോഗിക വിഭാഗം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. ഔദ്യോഗികപക്ഷനേതാവിനെതിരെ മുരളീധരന്‍ വിഭാഗം പരാതി നല്‍കിയതിന് പിന്നാലെയാണ് മറുവിഭാഗത്തിന്റെ തിരിച്ചുള്ള പരാതി. വി.മുരളീധരനെതിരെ നേരത്തെ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയടക്കമുള്ള ആരോപണങ്ങളും പരാതിയിലുണ്ട്.

ഔദ്യോഗികപക്ഷത്തെ ചില സംസ്ഥാനനേതാക്കള്‍ സ്വകാര്യ മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ കോഴവാങ്ങിയെന്നാണ് മുരളീധരന്‍ വിഭാഗം നേരത്തെ കേന്ദ്രത്തിന് പരാതി നല്‍കിയിരുന്നത്. ഇത് നേതൃയോഗങ്ങളില്‍ ഉന്നയിച്ചിട്ടില്ലെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ആരോപണം ശക്തമാക്കുകയാണ് മുരളീധരന്‍ അനുകൂലികള്‍. പലനേതാക്കളും ബിനാമി ഇടപാടുകള്‍ നടത്തുന്നതായി ഇരു വിഭാഗം നല്‍കിയ പരാതികളിലും ആരോപണമുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ യോജിച്ച് നീങ്ങണമെന്ന് ദേശിയ നേതൃത്വം കര്‍ശനനിര്‍ദ്ദേശം നല്‍കിയിരിക്കെയാണ് അഴിമതിയാരോപണങ്ങളെ ചൊല്ലി സംസ്ഥാന ഘടകത്തില്‍ വീണ്ടും തമ്മിലടി മൂക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here