കാഠ്മണ്ഡു: എഡ്മണ്ട് ഹിലരിയും ടെന്‍സിംഗ് നോര്‍ഗെയും കാലുകുത്തിയ എവറസ്റ്റ് കൊടുമുടിയുടെ ഭാഗം അടര്‍ന്നുപോയെന്ന് പര്‍വ്വതാരോഹകര്‍. കൊടുമുടിയുടെ തെക്കുകിഴക്ക് ഭാഗത്തെ 12 മീറ്ററോളം ഉയരമുള്ള പാറയാണ് അടര്‍ന്നുപോയിരിക്കുന്നത്. ഹിലരി സ്റ്റെപ്പ് എന്നാണ് ഈ ഭാഗം അറിയപ്പെട്ടിരുന്നത്. 2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ഈ ഭാഗം അടര്‍ന്നുപോയെന്നാണ് പര്‍വതാരോഹകരുടെ കണ്ടെത്തല്‍.

ബ്രിട്ടീഷ് പര്‍വ്വതാരോഹകരുടെ സംഘത്തിന്റെ തലവനായ ടിം മൊസെദാലെയാണ് ഹിലരി സ്റ്റെപ്പ് അടര്‍ന്നതായി കണ്ടെത്തിയത്. ഇക്കാര്യം തെളിയിക്കുന്ന ഫോട്ടോകളും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഹിലരി സ്റ്റെപ്പ് അടര്‍ന്നുപോയെന്ന് നേരത്തെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മഞ്ഞുമൂടിയ അവസ്ഥയിലായിരുന്നതിനാല്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല.

സമുദ്രനിരപ്പില്‍ നിന്ന് 8,790 മീറ്റര്‍ ഉയരത്തിലാണ് ഹിലരി സ്റ്റെപ്പ് സ്ഥിതി ചെയ്യുന്നത്. എവറസ്റ്റില്‍ നിന്ന് തിരികെ ഇറങ്ങാന്‍ ഏറെ സഹായിക്കുന്ന ഭാഗം കൂടിയാണിത്.