ഞാന്‍ വളരുകയാണ്; കയറിക്കിടക്കാന്‍ ഒരു വീട് വേണം; നിറകണ്ണുകളോടെ നിന്ന 13 കാരിക്ക് എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

കട്ടപ്പന: വേദിയിലിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലേയ്ക്ക് പതിനൊന്നു വയസ്സുകാരി അനൂഷ അല്‍പം സങ്കോചത്തോടെയാണ് കടന്നുവന്നത്. അവള്‍ക്കൊരു നല്ല വീട് വേണം. മുഖ്യമന്ത്രിയോട് ചോദിച്ചാല്‍ എന്തെങ്കിലും മാര്‍ഗമുണ്ടാകുമെന്ന് അവളുടെ കൊച്ചുമനസ്സ് മന്ത്രിച്ചു. അമ്മയ്ക്കും ചേച്ചിയ്ക്കുമൊപ്പം സദസ്സിലിരുന്ന അവള്‍ പിന്നെ ഒട്ടും ആലോചിച്ചില്ല.

പതിഞ്ഞ ചുവടുകളുമായി വേദിയിലേക്ക് ഉറച്ച മനസ്സുമായി നടന്നുകയറി. വളരുന്ന പ്രായത്തിലെ സുരക്ഷിതത്വമില്ലായ്മയുടെ കഥകള്‍ എങ്ങും കേള്‍ക്കുന്ന ആ പതിമൂന്ന്കാരി മുഖ്യമന്ത്രിയുടെ കരം പിടിച്ച് നിറഞ്ഞ കണ്ണുകളോടെ കാര്യം പറഞ്ഞു. വാക്കുകള്‍ ഇടറിയെങ്കിലും അവള്‍ അവളുടെ മുഖ്യമന്ത്രിയോട് അത് പറഞ്ഞു. തനിക്ക് കയറിക്കിടക്കാന്‍ ഒരു വീട് വേണം. ആ മകളെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ മുഖ്യമന്ത്രി വീടിന്റെ കാര്യം ശരിയാക്കാമെന്ന് ഉറപ്പ് നല്‍കിയതോടെ അവള്‍ കണ്ണുതുടച്ച് അമ്മയ്ക്ക് അരികിലേക്ക് മടങ്ങി.

കൊച്ചുതോവാള കുന്നേല്‍ ഷാജി ബീന ദമ്പതികളുടെ മകള്‍ അനൂഷയാണ് നല്ലൊരു വീടില്ലാത്തതിന്റെ ദുഃഖം മുഖ്യമന്ത്രിക്കു മുന്നില്‍ പങ്കുവച്ചത്. കട്ടപ്പനയിലെ പട്ടയമേളയുടെ ഉദ്ഘാടനപ്രസംഗത്തിനു ശേഷം മുഖ്യമന്ത്രി കസേരയില്‍ ഇരുന്നതോടെ നിരവധി പേര്‍ അദ്ദേഹത്തിന് അരികിലെത്തി നിവേദനങ്ങള്‍ കൈമാറി. അമ്മയ്ക്കും ചേച്ചി അമലയ്ക്കും ഒപ്പമാണ് അനൂഷ ഇവിടെയെത്തിയത്. അനൂഷയാണ് മുഖ്യമന്ത്രിക്ക് നിവേദനം വേദിയിലെത്തി കൈമാറിയത്. എന്നാല്‍ തിരക്കായിരുന്നതിനാല്‍ മുഖ്യമന്ത്രിയോട് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.

അമ്മയുടെ അരികിലെത്തി കസേരയില്‍ ഇരിപ്പുറപ്പിച്ചെങ്കിലും വീടിന്റെ കാര്യം മുഖ്യമന്ത്രിയോട് നേരിട്ടു പറയണമെന്ന ആഗ്രഹം മനസ്സില്‍ നിന്നു. വീണ്ടും വേദിയില്‍ കയറുന്നത് പൊലീസ് തടയുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും മനസ്സിലെ ആഗ്രഹം ധൈര്യമേറ്റി. നേരെ വേദിയിലേക്ക് കയറുകയായിരുന്നു. മുഖ്യമന്ത്രിക്ക് അരികിലെത്തി കാര്യം പറഞ്ഞു. ഇതിനിടയില്‍ മനസ്സിന്റെ നിയന്ത്രണംവിട്ടു. പുഞ്ചിരിയോടെ തോളത്തുതട്ടി ആശ്വസിപ്പിച്ച പിണറായി ‘നിന്റെ വീടിന്റെ കാര്യമല്ലേ..നമുക്ക് ശരിയാക്കാ”മെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.

അനൂഷയുടെ അച്ഛന്‍ ഷാജി കൂലിപ്പണിക്കാരനാണ്. അമ്മ ആശ വര്‍ക്കറാണ്. ഇഷ്ടിക ഉപയോഗിച്ച് നിര്‍മിച്ച ഷീറ്റ്‌മേഞ്ഞ ചോര്‍ന്നൊലിക്കുന്ന പുരയിലാണ് ഇവര്‍ താമസിക്കുന്നത്. കട്ടപ്പന നഗരസഭ 11ാം വാര്‍ഡിലാണ് ഇവര്‍ താമസിക്കുന്നത്. ഒരു വീടിനു വേണ്ടി പല പ്രാവശ്യം നഗരസഭയില്‍ അപേക്ഷ നല്‍കിയെങ്കിലും രാഷ്ട്രീയ വിരോധം മൂലം വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ട് തടയുകയായിരുന്നു. സഹികെട്ടാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചതെന്ന് ബീന പറഞ്ഞു. എന്നാല്‍, വീടില്ലാത്തതിന് മകള്‍ക്ക് ഇത്രയും സങ്കടമുണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും അവര്‍ പറഞ്ഞു. (ദേശാഭിമാനിയിലെ കെ എസ് ഷൈജു തയ്യാറാക്കിയ റിപ്പോര്‍ട്ട്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News