ചെന്നൈ: സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തിനെതിരെ ചെന്നൈയില്‍ പ്രതിഷേധം ശക്തം. തമിഴര്‍ മുന്നേട്ര പടൈ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് താരത്തിന്റെ പോയസ് ഗാര്‍ഡനിലെ വീടിന് മുന്നില്‍ പ്രതിഷേധം നടക്കുന്നത്.

തമിഴ്‌നാട്ടുകാരനല്ലാത്ത ഒരാള്‍ തമിഴ്‌നാട് ഭരിക്കാന്‍ ശ്രമിക്കേണ്ടെന്നാണ് സംഘത്തിന്റെ ആവശ്യം. രജനികാന്തിന്റെ കോലം കത്തിച്ചാണ് സംഘടന പ്രതിഷേധിച്ചത്. പ്രതിഷേധം അക്രമാസക്തമായതോടെ തമിഴ്‌നാട് പൊലീസ് സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കി.

 

താന്‍ തമിഴന്‍ തന്നെയാണെന്നാണ് കഴിഞ്ഞദിവസം വിമര്‍ശകര്‍ക്ക് രജനി നല്‍കിയ മറുപടി. 22 വര്‍ഷം കര്‍ണാടകയിലാണ് ജീവിച്ചത്. എന്നാല്‍ ബാക്കി 44 വര്‍ഷവും തമിഴ്‌നാട്ടിലാണ് ജീവിച്ചതെന്നും രജനി പറഞ്ഞിരുന്നു. തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകവും തമിഴക വാഴ്‌വുരിമൈ കത്ചിയും കഴിഞ്ഞദിവസം രജനിക്കെതിരെ രംഗത്ത് വന്നിരുന്നു.

അതേസമയം, രജനീകാന്ത് ബിജെപിയിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താരം ഉടന്‍ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് സൂചനകള്‍. കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടി ബിജെപി നേതാക്കള്‍ താരത്തെ ബന്ധപ്പെട്ടുവെന്നാണ് വിവരം. മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് രജനീയെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, അമിത് ഷ എന്നിവര്‍ പ്രതികരിച്ചിരുന്നു.

തമിഴ് ജനത കാത്തിരിക്കുന്ന തന്റെ രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന് കഴിഞ്ഞദിവസം രജനീകാന്ത് ആരാധകരോട് സൂചിപ്പിച്ചിരുന്നു. എട്ടു വര്‍ഷത്തിനു ശേഷം ആരാധകരുമായി നടത്തിയ ആദ്യഘട്ട കൂടിക്കാഴ്ചയില്‍, ദൈവം തീരുമാനിച്ചാല്‍ ഉടന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു.