ബംഗാളില്‍ മമതയുടെ ചോരക്കളി; പ്രതിഷേധക്കാര്‍ക്ക് മമതാ പൊലീസിന്റെ ക്രൂര മര്‍ദ്ദനം. എംഎല്‍എമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

കൊല്‍ക്കത്ത: മമതാ ബാനര്‍ജി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കാണ് ക്രൂര മര്‍ദ്ദനമേറ്റുവാങ്ങേണ്ടി വന്നത്. ഇടതുപക്ഷകര്‍ഷകതൊഴിലാളി സംഘടനകളുടെ സംയുക്ത മാര്‍ച്ചിനെതിരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതിഷേധക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണ്.

മാര്‍ച്ചിനു മുന്നോടിയായി നിവേദനം നല്‍കാന്‍ സെക്രട്ടറിയറ്റിലേക്ക് പോയ 24 ഇടതു എംഎല്‍എമാരെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. ബംഗാളിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന പ്രതിഷേധ മാര്‍ച്ചിനുനേരെ പൊലീസ് പ്രകോപനം സൃഷ്ട്ടിക്കുകയായിരുന്നു. ബ്രിഗേഡ് മൈതാനത്തിന് സമീപം മാര്‍ച്ച് തടഞ്ഞ പൊലീസ് കുത്തിയിരുന്ന പ്രതിഷേധക്കാര്‍ക്കുനേരെ കല്ലേറുനടത്തി.

പൊലീസിനൊപ്പം വടികളുമായി കടന്നുകയറിയ തൃണമൂല്‍ ഗുണ്ടകളും പ്രതിഷേധക്കാരെ അടിച്ചുവീഴ്ത്തി. മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചും അക്രമിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ബിമന്‍ ബസു, സൂര്യകാന്ത് മിശ്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ മാര്‍ച്ച് പൊലീസ് ട്രെയിനിങ് കോളേജ്, കിതര്‍പൂര്‍, ഹൌറ തുടങ്ങി അഞ്ച് കേന്ദ്രങ്ങളില്‍നിന്നാണ് ആരംഭിച്ചത്. നിരേധനാജ്ഞ ഇല്ലാത്ത വഴിയിലൂടെയുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞ് വഴിതിരിച്ചുവിട്ടു. തുടര്‍ന്ന് മാര്‍ച്ച് തടഞ്ഞ പൊലീസ് പ്രതിഷേധക്കാരെ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തു.നേതാക്കളെയും വെറുതെ വിട്ടില്ല.

ബംഗാളില്‍ അധികാരം ഏറ്റനാള്‍ മുതല്‍ മമത തുടര്‍ന്നു വരുന്ന ഫാസിസ്റ്റ് അക്രമ ഭരണത്തിന്റെ പ്രകട രൂപമായിരുന്നു ഇന്ന് കണ്ടത്. പൊലീസിന്റെയും ഗുണ്ടകളുടെയും ആക്രമണത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധത്തിലാണ്. ജനകീയ പ്രതിഷേധത്തെ എത്ര അടിച്ചമര്‍ത്തിയാലും പിന്തിരിയില്ലെന്നും പ്രതിഷേധം തുടരുമെന്നും ബിമന്‍ബസു അറിയിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News