ദില്ലി : ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ മന്ത്രി കപില്‍ മിശ്രയില്‍ നിന്നും മൊഴിയെടുക്കും. വാട്ടര്‍ടാങ്ക് അഴിമതിക്കേസിലാണ് ദില്ലി അഴിമതി നിരോധന വകുപ്പ് നാളെ മൊഴിയെടുക്കുന്നത്. കേസിലെ നടപടികള്‍ വൈകിപ്പിക്കാന്‍ അരവിന്ദ് കെജ്‌രിവാളിന്റെ ഉപദേഷ്ടാവ് വൈഭവ് പട്ടേല്‍ ഇടപെട്ടു എന്നാണ് കേസ്.
2012ല്‍ ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജലവിതരണത്തിനായാണ് സ്വകാര്യ വാട്ടര്‍ ടാങ്കുകള്‍ വാടകയ്ക്ക് എടുത്തത്. ഇതില്‍ 400 കോടി രൂപയുടെ അഴിമതി നടന്നു. കേസില്‍ നടപടികള്‍ വൈകിപ്പിച്ചത് ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ അടുപ്പക്കാരായ വൈഭവ് പട്ടേലും ആശിഷ് തല്‍വാറും ചേര്‍ന്നാണെന്നാണ് കപില്‍ മിശ്രയുടെ ആരോപണം.
അഴിമതി സാധൂകരിക്കുന്ന തെളിവുകള്‍ കപില്‍ മിശ്ര ദില്ലി അഴിമതി വിരുദ്ധ വിഭാഗത്തിന് കൈമാറി. തുടര്‍ന്ന് വൈഭവ് പട്ടേലിനെ ഈ മാസം പതിനേഴിന് അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്തു. എന്നാല്‍ വൈഭവ് പട്ടേല്‍ ആരോപണങ്ങള്‍ നിഷേധിച്ച സാഹചര്യത്തിലാണ് കപില്‍ മിശ്രയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ദില്ലി മൂഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രീയ ഉപദേഷ്ടാവാണ് വൈഭവ് പട്ടേല്‍.
2015 ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോള്‍ ജലവിഭവ വകുപ്പ് മന്ത്രിയായ കപില്‍ മിശ്ര അന്വേഷണത്തിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു. 2015 ഓഗസ്റ്റില്‍ സമിതി അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ഷീല ദീക്ഷിതിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു സമിതിയുടെ ശുപാര്‍ശ.
എഎപി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ റിപ്പോര്‍ട്ട് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്ക് കൈമാറി. ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ അഴിമതി നിരോധന വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് കപില്‍ മിശ്ര വാട്ടര്‍ ടാങ്ക് അഴിമതിയില്‍ ആം ആദംമി നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചത്.
Get real time update about this post categories directly on your device, subscribe now.