തൊടുപുഴ : വണ്ടിപ്പെരിയാറില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയിലായി. തമിഴ്‌നാട് മധുര സ്വദേശികളാണ് പിടിയിലായത്. മധുര സ്വദേശികളായ ഷണ്‍മുഖ സുന്ദര ഐയ്യര്‍, ഐയ്യരു ചടയാണ്ടി എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇവരെ അറസ്റ്റു ചെയ്തത്. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ ജീവനക്കാരാണ് ഇരുവരും. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇപ്പോഴും കേരള പോലീസ് തന്നെ അന്വേഷണം തുടരുന്നതായും കട്ടപ്പന ഡിവൈഎസ്പി പറഞ്ഞു. കൂടുതല്‍ പേര്‍ ഇനിയും വലയിലാകുമെന്നാണ് സൂചന.
മെയ് എട്ടാം തീയതിയാണ് വണ്ടിപ്പെരിയാറില്‍ വച്ച് കള്ളനോട്ട് കടത്തുന്നതിനിടയില്‍ നെടുങ്കണ്ടം സ്വദേശി പിടിയിലായത്. നെടുങ്കണ്ടം സ്വദേശിയായ ജോജോ ജോസഫിനെ ചോദ്യം ചെയ്തതിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. തുടര്‍ന്നാണ് ഇടനിലക്കാരായ 2 തമിഴ്‌നാട് മധുര സ്വദേശി പിടിയിലായത്.
തമിഴ്‌നാട് മധുരയില്‍ വച്ചാണ് നോട്ടു കൈമാറ്റങ്ങള്‍ നടക്കുന്നത്. ഒരു ലക്ഷം രൂപയുടെ ഒറിജിനല്‍ നോട്ടുകള്‍ നല്‍കിയാല്‍ 2 ലക്ഷം രൂപയുടെ കള്ള നോട്ടുകള്‍ നല്‍കും. ജോജോ ജോസഫിന്റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ നിന്ന് 4 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു. പിടിയിലായ ഇടനിലക്കാര്‍ കള്ളനോട്ടുകള്‍ കൈമാറിയതിന്റെ കമ്മീഷനും കൈപറ്റിയതായി തെളിഞ്ഞു.
Get real time update about this post categories directly on your device, subscribe now.