കശ്മീരി യുവാവിനെ ജീപ്പിന് മുന്‍പില്‍ കെട്ടിയിട്ട് യാത്ര ചെയ്ത സൈനിക മേധാവിക്ക് ബഹുമതി

ശ്രീനഗര്‍: സൈനിക ജീപ്പിന് മുന്‍പില്‍ കശ്മീരി യുവാവിനെ കെട്ടിയിട്ട് യാത്ര ചെയ്ത സൈനിക മേധാവി മേജര്‍ നിതിന്‍ ഗൊഗോയിക്ക് ബഹുമതി. ഗൊഗോയിക്ക് കരസേന മേധാവി ബിപിന്‍ റാവത്തിന്റെ പ്രശംസപത്രം ലഭിച്ചതായി സൈനിക വക്താവ് അമന്‍ ആനന്ദ് പറഞ്ഞു. മനുഷ്യകവചം തീര്‍ത്ത സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടയാണ് പ്രശംസപത്രം.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ മേജര്‍ക്കെതിരെ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സംഭവം പരിശോധിക്കാന്‍ തയാറായത്. മുഖ്യമന്ത്രി മെഹബൂബ മഫ്തി പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ സൈന്യവും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. ഫറൂഖ് അഹമ്മദ് ദാര്‍ എന്നയാളെയായിരുന്നു 53 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികര്‍ ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത്. ഫാറൂഖുമായി 12ഓളം ഗ്രാമങ്ങളില്‍ സൈന്യം റോന്ത് ചുറ്റിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. എന്നാല്‍ വെറും നൂറുമീറ്റര്‍ മാത്രമാണ് ഫാറൂഖുമായി സഞ്ചരിച്ചതെന്നും തങ്ങള്‍ക്കെതിരെ കല്ലെറിഞ്ഞതിനായിരുന്നു നടപടിയെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം.

എന്നാല്‍ താന്‍ കല്ലെറിഞ്ഞിട്ടില്ലെന്നും വോട്ടു ചെയ്ത് മടങ്ങുകയായിരുന്ന തന്നെ സൈന്യം പിടികൂടുകയായിരുന്നുവെന്ന് ഫറൂഖ് ദര്‍ പിന്നീട് പറഞ്ഞു. അഞ്ച് മണിക്കൂറോളം തന്നെ വാഹനത്തിന് മുന്നില്‍ കെട്ടിയിട്ടതായും ഇയാള്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News