മണിയുടേത് അസ്വാഭാവിക മരണമെന്ന് സിബിഐ; എഫ്‌ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.എന്നാല്‍ ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ല.

മണിയുടെ മരണത്തില്‍ ദുരൂഹതയും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യവും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മണിയുടെ കുടുംബാംഗങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനകം അന്വേഷണം ഏറ്റെടുക്കാന്‍ ഹൈക്കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

2016 മാര്‍ച്ച് ആറിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മണി മരിക്കുന്നത്. ചാലക്കുടിയിലെ മണിയുടെ വിശ്രമ കേന്ദ്രത്തില്‍ അബോധാവസ്ഥയില്‍ കണ്ടതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടക്കം മുതല്‍ തന്നെ മണിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ മണിയുടെ സുഹൃത്തുക്കള്‍ക്കെതിരെ സംശയം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News