‘കെട്ടിയിട്ട് പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ പോത്തോ കാളയോ ആണോ? അത് നിയമത്തിന് ശരിയാണെങ്കില്‍ എനിക്ക് എന്ത് പറയാനാവും?’; ഫാറൂഖ് അഹമ്മദ് ചോദിക്കുന്നു

ശ്രീനഗര്‍: തന്നെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് യാത്ര ചെയ്ത സൈനിക മേധാവി മേജര്‍ നിതിന്‍ ഗൊഗോയെ ആദരിക്കുന്നതാണ് ഇന്ത്യന്‍ നിയമമെങ്കില്‍ തനിക്ക് ഒന്നും പറയാനില്ലെന്ന് ഫാറൂഖ് അഹമ്മദ് ദാര്‍. കെട്ടിയിട്ട് പ്രദര്‍ശിപ്പിക്കാന്‍ താന്‍ പോത്തോ കാളയോ ആണോയെന്നും ഫാറൂഖ് ചോദിക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് ഫാറൂഖ് പ്രതികരണം.

ഫാറൂഖിന്റെ വാക്കുകള്‍ ഇങ്ങനെ: ‘എന്നെ കെട്ടിയിട്ടത് ഇന്ത്യന്‍ നിയമത്തിന് മുമ്പാകെ ശരിയാണെങ്കില്‍ എനിക്ക് എന്ത് പറയാനാവും. മേജര്‍ നിതിന്‍ ഗൊഗെയിയെ ആദരിക്കാന്‍ തീരുമാനിച്ചവരെ കമ്പും വടിയും എടുത്ത് നേരിടാന്‍ എനിക്ക് പറ്റില്ല. ആകെ എനിക്ക് ചോദിക്കാനുള്ളത് ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് പ്രദര്‍ശിപ്പിക്കാന്‍ ഞാനൊരു പോത്തോ കാളയോ മറ്റോ ആണോ. അന്നത്തെ സംഭവത്തിന് ശേഷം എന്റെ ദേഹം ഇപ്പോഴും വേദനിക്കുകയാണ്. ഒരാളെയും കൂടെ കൂട്ടിയാണ് ഞാന്‍ വീട്ടിന് പുറത്തേക്കിറങ്ങുന്നത്. ഒരിക്കലും ഞാന്‍ ഇനി വോട്ട് ചെയ്യില്ല. തെരഞ്ഞെടുപ്പ് ദിവസം വീടിന് പുറത്തേക്ക് പോലും ഇറങ്ങില്ല.’

മനുഷ്യകവചം തീര്‍ത്ത സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടയാണ് ഗൊഗോയിക്ക് കരസേന മേധാവി ബിപിന്‍ റാവത്ത് പ്രശംസപത്രം നല്‍കിയത്. എന്നാല്‍ യുവാവിനെ കെട്ടിയിട്ടതിനല്ല മേജറിനെ ആദരിക്കുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു.

ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. ഫാറൂഖുമായി ജീപ്പില്‍ കെട്ടിയിട്ട് 12ഓളം ഗ്രാമങ്ങളില്‍ സൈന്യം റോന്ത് ചുറ്റിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. എന്നാല്‍ വെറും നൂറുമീറ്റര്‍ മാത്രമാണ് ഫാറൂഖുമായി സഞ്ചരിച്ചതെന്നും തങ്ങള്‍ക്കെതിരെ കല്ലെറിഞ്ഞതിനായിരുന്നു നടപടിയെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം.

എന്നാല്‍ താന്‍ കല്ലെറിഞ്ഞിട്ടില്ലെന്നും വോട്ടു ചെയ്ത് മടങ്ങുകയായിരുന്ന തന്നെ സൈന്യം പിടികൂടുകയായിരുന്നുവെന്ന് ഫറൂഖ് ദര്‍ പിന്നീട് പറഞ്ഞു. അഞ്ച് മണിക്കൂറോളം തന്നെ വാഹനത്തിന് മുന്നില്‍ കെട്ടിയിട്ടതായും ഇയാള്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News