ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി ഫാഷന്‍ഷോ; കേരള മോഡലിന് ആഗോള പ്രശംസ

കൊച്ചി: ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ നേരത്തെ തന്നെ ആഗോള പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൊച്ചിമെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കിയത് അന്തര്‍ദേശീയ തലത്തില്‍ വലിയ അഭിനന്ദനങ്ങള്‍ക്ക് കാരണമായിരുന്നു. അതിനു പിന്നാലെയാണ് ഭിന്ന ലിംഗക്കാര്‍ക്ക് സൗന്ദര്യ മത്സരം സംഘടിപ്പിച്ചുകൊണ്ട് വീണ്ടും ശ്രദ്ധേയമാകുന്നത്.

അടുത്ത മാസം 15ന് കൊച്ചിയിലാണ് മത്സരം. മത്സരത്തിനു മുന്നോടിയായി കൊച്ചിയില്‍ അവസാനവട്ട ഓഡിഷനും പൂര്‍ത്തിയായി. ഭിന്ന ലിംഗക്കാരായി എന്ന ഒറ്റക്കാരണത്താല്‍ സൗന്ദര്യ മത്സരങ്ങളില്‍ നിന്ന് പലവട്ടം തഴയപ്പെട്ടവരുടെ ദു:ഖത്തില്‍ നിന്നാണ് ഇവര്‍ക്കു മാത്രമായി ഒരു സൗന്ദര്യ മത്സരം എന്ന ആശയം ഉടലെടുത്തത്.

‘ദ്വയ 2017’ എന്ന പേരില്‍ അടുത്ത മാസം കൊച്ചിയില്‍ അരങ്ങേറുന്ന മത്സരത്തോടെ സൗന്ദര്യ റാണിയാവുകയെന്ന ഭിന്ന ലിംഗക്കാരുടെ സ്വപ്നം പൂവണിയുകയാണ്. ഇവര്‍ സമൂഹത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുറന്ന് പറയാന്‍ കൂടിയുള്ള ഒരു വേദി കൂടിയാകും ഈ സൗന്ദര്യ മത്സരമെന്ന് വിധി കര്‍ത്താക്കളില്‍ ഒരാളായ രഞ്ജിനി ഹരിദാസ് പറഞ്ഞു.

കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടന്ന പ്രാഥമിക ഓഡീഷനില്‍ നിന്ന് തെരഞ്ഞെടുത്ത 27 പേരാണ് അവസാന ഓഡീഷനില്‍ പങ്കെടുത്തത്. ഇവരില്‍ നിന്നും തെരഞ്ഞെടുത്ത 15 പേരാണ് ‘ദ്വയ 2017 ‘ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here