രശ്മി ആര്‍ നായരുടെ കോളം ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ പിന്‍വലിച്ചു; സംഘപരിവാര്‍ ഇടപെടലെന്ന് ആരോപണം

തിരുവനന്തപുരം: വന്‍ പ്രഖ്യാപനത്തോടെയാണ് ഇന്ന് രാവിലെ ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ചുംബനസമരത്തിലെ വിവാദനായിക രശ്മി ആര്‍ നായരുടെ കോളം ആരംഭിച്ചത്. ‘ഈ തിരക്കഥ കേരളത്തിലോടുമോ’ എന്ന തലക്കെട്ടിലെ ആദ്യ ലേഖനത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് രശ്മി നടത്തിയത്. എന്നാല്‍ രശ്മിയുടെ കോളം മിനിട്ടുകള്‍ക്കകമാണ് അപ്രത്യക്ഷമായത്. ഇതോടെ ഏഷ്യനെറ്റില്‍ സംഘപരിവാര്‍ അജണ്ടയാണ് നടപ്പാക്കപ്പെടുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.

കേരളത്തില്‍ കലാപമുണ്ടാക്കാനുള്ള സംഘപരിവാര്‍ സംഘടനകളുടേയും ബിജെപിയുടെയും ശ്രമങ്ങള്‍ അക്കമിട്ട് നിരത്തുന്നതായിരുന്നു രശ്മിയുടെ കോളം. വ്യാജ വീഡിയോ പ്രചരിപ്പിച്ച് കണ്ണൂരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേസെടുത്ത കാര്യം ചൂണ്ടികാട്ടി തുടങ്ങുന്ന ലേഖനം കണ്ണൂരില്‍ ആര്‍ എസ് എസ് കലാപമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതും വരച്ചുകാട്ടിയിട്ടുണ്ട്. ഒരു വിഭാഗം ശാന്തരായിരുന്നാലും സംഘപരിവാര്‍ അടങ്ങിയിരിക്കില്ലെന്നും രശ്മിയുടെ ലേഖനം വ്യക്തമാക്കിയിരുന്നു.

രശ്മിയുടെ ലേഖനം വലിയ തോതില്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് സംഘപരിവാര്‍ ഇടപെടല്‍ ഉണ്ടായത്. വലിയ പ്രചരണം നടത്തി തുടങ്ങിയ ലേഖനപരമ്പരയിലെ ആദ്യ ലേഖനം മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കാന്‍ ഇതുവരേയും ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ തയ്യാറായിട്ടില്ല. ബി ജെ പി എം പി രാജീവ് ചന്ദ്രശേഖരന്‍ തലപ്പത്തെത്തിയതിന് ശേഷം ഏഷ്യാനെറ്റില്‍ സംഘപരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നതെന്ന് നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നതാണ്. അതുകൊണ്ട് തന്നെ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ രശ്മിയുടെ ലേഖനം അപ്രത്യക്ഷമായത് വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ സംഘപരിവാര്‍ എത്രത്തോളം ഇടപെടുന്നുവെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here