ആ കണ്ണുകള്‍ നനയരുത്; കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമത്തിനെതിരെ ജാഗ്രത

കടല്‍ജലത്തില്‍ കുഞ്ഞുങ്ങളുടെ കണ്ണീര്‍ വീണലിഞ്ഞാണ് അതിന് ഉപ്പുരസമുണ്ടായത്. എസ്ആര്‍ ലാലിന്റെ പ്രശസ്തമായ ചെറുകഥയിലാണ് ഈ കണ്ടുപിടുത്തം! മെഡിറ്ററെനിയന്‍ കടല്‍തീരത്തെ മണല്‍തരികളെ ചുംബിച്ചുകൊണ്ടുറങ്ങിയ ഒരു മൂന്നുവയസ്സുകാരന്റെ ചിത്രം തുര്‍ക്കിഷ് ജേര്‍ണലിസ്റ്റ് നിലൂഫര്‍ ഡമിര്‍ പകര്‍ത്തിയിരുന്നു .യൂറോപ്പ്യന്‍ അഭയാര്‍ഥിപ്രവാഹത്തിന്റെ അനാഥത്വം അതിലുണ്ട്. നാടുംവീടും ഉപേക്ഷിച്ചു പലായനം ചെയ്യവേ ബോട്ടില്‍ നിന്ന് കടലിലേയ്ക്ക് തെറിച്ചുവീണ അലൈന്‍ കുര്‍ദിയുടെ ഒറ്റച്ചിത്രം. അങ്ങനെ ലോകമറിഞ്ഞു. കടലിന് ഇപ്പോഴും ഉപ്പുരസം തന്നെ.

The prophet എന്ന കവിതയില്‍ ജിബ്രാന്‍ പറയുന്നു:ജീവന് അതിനോടു തന്നെയുള്ള അഭിനിവേശത്തില്‍ നിന്നുണ്ടായ പുത്രന്മാരും പുത്രിമാരുമാണ് കുട്ടികള്‍. മുതിര്‍ന്നവര്‍ പണിയുന്ന വീടുകകളിലാണ് അവരുടെ ശരീരം വസിക്കുന്നതെങ്കിലും അവരുടെ മനസ്സ് പാര്‍ക്കുന്നത് നാളെയുടെ നികേതനങ്ങളിലായിരിക്കും. ആ ഭവനങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് പ്രവേശനമില്ല, അവര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത മഹാനുഭവമാണ് ആ ഭവനം. അച്ഛനുമമ്മയുമാകുന്ന ധനുസ്സില്‍ നിന്ന് അനന്തതയിലേക്ക് പറന്നു പോകുന്ന ശരങ്ങളാണ് കുട്ടികള്‍. ക്യൂബന്‍ കവി നിക്കോളാസ്ഗിയന്‍ ‘കുട്ടികള്‍ ജനങ്ങളാണ്’എന്ന് പ്രഖ്യാപിച്ചു.കുട്ടികള്‍ അച്ഛനമ്മമാരുടെത് മാത്രമല്ല; ഈ ലോകത്തിന്റെതാണ്. പ്രപഞ്ചത്തിലെ പ്രഥമ സൂര്യോദയീ കൊണ്ടാണ് അവരുടെ കണ്ണുകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന് നടരാജന്‍ ബോണക്കാട് തന്റെ കഥയില്‍.

ഗര്‍ഭസ്ഥശിശുമുതല്‍ പതിനെട്ടു വയസ്സുവരെ പ്രായമുള്ളര്‍ ‘കുട്ടി’നിര്‍വചനത്തില്‍പെടുന്നു. നല്ലതെല്ലാം കുട്ടികള്‍ക്ക് നല്‍കണമെന്ന് ഐക്യരാഷ്ട്രസഭ. കുട്ടികള്‍ക്കിണങ്ങിയ ലോകം പണിയണമെന്ന് അംഗരാജ്യങ്ങളോട് അഭ്യര്‍ഥിയ്ക്കുന്നുമുണ്ട്. ലക്ഷക്കണക്കിന് കുട്ടികള്‍ ലോകമാസകലം പലതരം പീഡനങ്ങള്‍ക്ക് വിധേയരാവുന്നു. അതില്‍ത്തന്നെ ശാരീരികമായ ചൂഷണം, ബലാത്സംഗം എന്നിവയുടെ തോത് വളരെ വലുതാണ്. മനസ്സും ശരീരവും പാകമാവുന്നതിന് മുന്‍പേ ലോകത്തിന്റെ ഇരുട്ടിലെയ്ക്ക് . പ്രലോഭനത്തിലൂടെയോ ബലം പ്രയോഗിച്ചോ അവരെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുക എന്നത് എത്രമേല്‍ മനുഷ്യത്വ ഹീനമാണ്. ഇത്തരം ആഘാതമേല്‍ക്കുന്ന കുഞ്ഞുങ്ങള്‍ കടുത്ത മാനസിക ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്നു.കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമം നമ്മുടെ രാജ്യത്തുംവര്‍ധിച്ചിരിക്കുന്നു.അവരുടെ ഇളംശരീരങ്ങളെ കൊത്തിവലിയ്ക്കുന്നു .’ജനങ്ങളെ നേര്‍വഴിയ്ക്ക് നയിക്കേണ്ടവര്‍’ എന്ന് വിശ്വാസിസമൂഹം കരുതുന്ന മതപുരോഹിതര്‍ വരെ കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നു. കുഞ്ഞു പ്രായത്തില്‍ തുടങ്ങി മുതിര്‍ന്നു കഴിയുമ്പോള്‍ വരെ പീഡനം തുടരുന്നവരുണ്ട് .അടുത്ത ബന്ധുക്കളില്‍ നിന്നുവരെ കൊടുംക്രൂരത അനുഭവിയ്ക്കുന്ന അവസ്ഥയുമുണ്ട്. ദുരൂഹ സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ മരണപ്പെടുന്നു. പാലക്കാട് രണ്ടു പെണ്‍കുട്ടികള്‍ തൂങ്ങിനില്‍ക്കുന്ന കാഴ്ച ലോകം കണ്ടു. കേരളത്തില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് , നമ്മളാര്‍ജ്ജിച്ച സാംസ്‌കാരിക ഔന്നത്യത്തെ ലജ്ജിപ്പിക്കുന്നു.”എന്റെ വീട്ടില്‍ ഒന്നും സംഭവിച്ചില്ലല്ലോ” എന്ന മധ്യവര്‍ഗ്ഗബോധത്തില്‍ നിന്ന് നാം പുറത്തു വന്നെ മതിയാവൂ.ക്രിമിനലുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്.അത് തുടരണം ,കുഞ്ഞുങ്ങളെയും സ്ത്രീകളെയും ആക്രമിക്കുന്ന പ്രവണത നമ്മുടെ ചുറ്റുപാടില്‍ എവിടെയെങ്കിലും ഉണ്ടോ എന്ന ജാഗ്രത നമുക്കുണ്ടാവണം.

കുട്ടികളുടെ ക്ഷേമം ഉറപ്പുതരുന്ന എത്രയോ വിശ്വ പ്രസിദ്ധ പ്രഖ്യാപനങ്ങള്‍ , നിയമങ്ങള്‍ നമുക്കുണ്ട്. 1924 ലെ സാര്‍വ്വദേശീയ രേഖ, 1948ലെ മനുഷ്യാവകാശ പ്രഖ്യാപനം, 1989 ലെ കുട്ടികളുടെ അവകാശ ഉടമ്പടി, 2002 ലെ കുട്ടികളുടെ യുഎന്‍ ജനറല്‍ അസംബ്ലി നയരേയ, ഇന്ത്യന്‍ ഭരണഘടനാ വകുപ്പുകള്‍, ദേശീയ ശിശു നയം, ദേശീയ ബാലാവകാശ നിയമം, ലൈംഗിക ചൂഷണത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുവാന്‍ ഉദ്ദേശിച്ചുള്ള ദേശീയ, സംസ്ഥാന നിയമങ്ങള്‍, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്ന ഐ പി സി വകുപ്പുകള്‍ എല്ലാമുണ്ട്. നമ്മുടെ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് തടഞ്ഞേ മതിയാവൂ.പ്രകൃതിയില്‍ മറ്റേതു ജീവിവര്‍ഗ്ഗമാണ് അതേ വംശത്തില്‍ പെട്ട സഹജീവിയെ ബലാത്സംഗം ചെയ്യുന്നത്. ശിശു പീഡനം നടത്തുന്നത്? മൃഗങ്ങളുടെ സംസ്‌കാരത്തെയാണല്ലോ നാം മൃഗീയത എന്നു വിളിക്കുന്നത്. ശിശു പീഡനങ്ങളെ മൃഗീയത എന്നു വിളിച്ചാല്‍ ഭൂമിയിലെ സകല മൃഗങ്ങള്‍ക്കും. അത് അപമാനമാണ്.മനുഷ്യ സമുദായം ചെയ്യുന്ന കുറ്റങ്ങളില്‍ ഏറ്റവും വലുത് കുട്ടികളോടുള്ള ക്രൂരത തന്നെ. കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നടപടികള്‍ ഉണ്ടാവണം.കുട്ടികളുടെ പാര്‍പ്പിക്കുന്ന സ്ഥാപനങ്ങളെപ്പറ്റി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍( 20062011) നിയോഗിച്ച എം പ്രകാശന്‍ കമ്മിറ്റി റിപ്പോര്‍ട്ടും പ്രധാനമാണ്.

കുട്ടികള്‍ക്കെതിരെ കുറ്റകൃത്യം നടന്നാല്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ യുദ്ധകാലാടിസ്ഥാനത്തില്‍ വിചാരണ നടത്തി പരമാവധി ശിക്ഷനല്കാനുള്ള ജാഗ്രത കോടതിയില്‍ നിന്നുണ്ടാവണം.എവിടെയെങ്കിലും ശിശുപീഡനം നടക്കാനുള്ള സാഹചര്യം ഉണ്ടോ എന്ന് മനസ്സിലാക്കാനും (കുട്ടികള്‍ക്കെതിരായ എല്ലാ വിധ അതിക്രമങ്ങളെയും തടയുക എന്ന ഉദ്ദേശത്തോടെ! ) അടിയന്തിരമായി ഇടപെടാനും പോലീസ് സ്റ്റെഷനുകളില്‍ ബാലക്ഷേമ യൂണിറ്റുകള്‍ ആരംഭിക്കണം.വിവരങ്ങള്‍ സ്വീകരിക്കാനും പെട്ടെന്ന് ഇടപെടാനും ഇവര്‍ക്ക് സാധിക്കണം.തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ വാര്‍ഡ് തല ബാലാവകാശ സമിതികള്‍ രൂപീകരിക്കണം. സ്‌കൂള്‍ തലത്തില്‍ കുട്ടികളുടെ മാനസിക ശാരീരിക വികാസം ലക്ഷ്യം വയ്ക്കുന്ന കൗണ്‍സിലിംഗ് എല്ലാ മാസവും സംഘടിപ്പിക്കണം. കുട്ടികള്‍ക്ക് കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ സാധിയ്ക്കുന്നവരെയും (ചൈല്‍ഡ് സൈക്കോളജി പോലുള്ള വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവര്‍,സൈക്കോളജിസ്റ്റുകള്‍,എന്നിവരെ ഇതിനായി നിയോഗിക്കണം. ബാലാവകാശകമ്മീഷന്റെ ആഭിമുഖ്യത്തില്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനം സംഘടിപ്പിക്കുകയും വേണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News